കോവിഡ് മൂലമുള്ള ആഗോള മരണങ്ങളുടെ യഥാര്‍ത്ഥ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ തടസം നില്ക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഞായറാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,21,751 ആണ്.
എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ നാല് മടങ്ങിലേറെയാണെന്ന് ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ടിലുണ്ടെന്ന് സാങ്കേതിക ഉപദേശക ഗ്രൂപ്പിനെ ഉദ്ധരിച്ച് വാഷിങ്ടൺ ആസ്ഥാനമായ ‘ഡെവെക്സ്’ റിപ്പോർട്ട് ചെയ്തു. ഇതുകാരണമാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ഇന്ത്യയുൾപ്പെടെയുള്ള അംഗരാജ്യങ്ങൾ വൈകിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഏപ്രിൽ ആദ്യം പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ല.
രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളെക്കുറിച്ചുള്ള വിവരശേഖരണ — ഗാർഹിക സർവേകളിൽ നിന്നുള്ള വിവരങ്ങൾ, കണക്കാക്കാത്ത മരണങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. മഹാമാരിയുടെ വർഷങ്ങളിലും സാധാരണ വർഷങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് അധിക മരണമായി കണക്കാക്കുന്നത്.
2021 അവസാനത്തോടെ കോവിഡ് മൂലം ലോകമെമ്പാടും ഏകദേശം 150 ലക്ഷം ആളുകൾ മരിച്ചുവെന്നാണ് ഇതുവരെ പുറത്തുവിടാത്ത റിപ്പോർട്ടിലുള്ളതെന്ന് ‘ഡെവെക്സ്’ പറയുന്നു. രാജ്യങ്ങൾ സ്വന്തമായി റിപ്പോർട്ട് ചെയ്ത 60 ലക്ഷത്തിന്റെ ഇരട്ടിയിലധികമാണിത്. അധികം വരുന്ന 90 ലക്ഷം മരണങ്ങളിൽ മൂന്നിലൊന്ന് ഇന്ത്യയിൽ സംഭവിച്ചതായാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ഇന്ത്യയിൽ കോവിഡ് മരണങ്ങളുടെ എണ്ണം കുറഞ്ഞത് 40 ലക്ഷമെങ്കിലും വരുമെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുള്ളത്.
രീതിശാസ്ത്രത്തിനെതിരെ ആരോഗ്യ മന്ത്രാലയം
ഭൂമിശാസ്ത്രപരമായ വലുപ്പവും ജനസംഖ്യയുമുള്ള വലിയ രാജ്യത്തെ മരണനിരക്ക് കണക്കാക്കാൻ ഡബ്ല്യുഎച്ച്ഒ അവലംബിക്കുന്ന ഗണിതശാസ്ത്ര മാതൃക പ്രായോഗികമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ അടിസ്ഥാനപരമായ എതിർപ്പ് ഫലത്തോടല്ലെന്നും രീതിയോടാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തിൽ ഡബ്ല്യുഎച്ച്ഒയുമായി കൃത്യമായതും ആഴത്തിലുള്ളതുമായ ആശയ വിനിമയത്തിലാണ്.
2021 നവംബർ 17 നും 2022 മാർച്ച് രണ്ടിനും ഇടയിൽ സംഘടനയ്ക്ക് നൽകിയ ആറ് കത്തുകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിലൂടെ തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. വിവിധ വിർച്വൽ മീറ്റിങ്ങുകളിലും പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ചൈന, ഇറാൻ, ബംഗ്ലാദേശ്, സിറിയ, എത്യോപ്യ, ഈജിപ്ത് തുടങ്ങിയ അംഗരാജ്യങ്ങളും ഡബ്ല്യുഎച്ച്ഒയുടെ ‘മരണക്കണക്കിന്റെ’ രീതിശാസ്ത്രത്തെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നുണ്ടെന്ന് കേന്ദ്ര മന്ത്രാലയം പറഞ്ഞു. ഇന്ത്യയിലെ കോവിഡ് ‑19 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു സമയത്തും രാജ്യത്തുടനീളം ഒരേപോലെ ആയിരുന്നില്ല. ഈ വ്യതിയാനം ലോകാരോഗ്യ സംഘടന പരിഗണിച്ചില്ല. എന്നാൽ ഇന്ത്യയുടെ ഭിന്നാഭിപ്രായത്തിന് ഡബ്ല്യുഎച്ച്ഒയിൽ നിന്ന് ‘തൃപ്തികരമായ പ്രതികരണം’ ഇതുവരെ ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
English summary;According to the WHO, covid deaths in India are 20 lakh; The official figure is 5.22 lakh
You may also like this video;