Site iconSite icon Janayugom Online

വയനാട് മാനന്തവാടി അപ്പപ്പാറയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ; കാണാതായ കുഞ്ഞിനേയും പ്രതിക്കൊപ്പം കണ്ടെത്തി

വയനാട് മാനന്തവാടി അപ്പപ്പാറയിലെ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. കാണാതായ കുഞ്ഞിനേയും പ്രതിക്കൊപ്പം കണ്ടെത്തി.
അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് പ്രതി ദിലീഷിനെ പൊലീസ് പിടികൂടിയത്. യുവതിയുടെ കാണാതായ കുഞ്ഞിനെയും പ്രതിക്കൊപ്പം പൊലിസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ഒമ്പത്വയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പത് വയസുകാരിക്കായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു. 

ഇന്നലെ രാത്രിയോടെയാണ് അപ്പപ്പാറയിൽ യുവതി കൊല്ലപ്പെട്ടത്. പ്രതി ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്. മാനന്തവാടി അപ്പപ്പാറയിലെ വാകേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷ് ആണ് കൊലനടത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പത് വയസുള്ള കുട്ടിയുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. കൊല നടന്ന് ഒരു രാത്രി പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ന്നിരുന്നു. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു. ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്.

Exit mobile version