പത്തനംതിട്ട പുല്ലാട് ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി പൊലീസിന്റെ പിടിയില്‍. തിരുവല്ല നഗരത്തില്‍ നിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പ്രതി ജയകുമാറിനെ പിടികൂടിയത്. കൊലപാതകം നടത്തി നാലാം ദിവസമാണ് പ്രതിയെ പൊലീസ് പിടികൂടിന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രതി ജയകുമാര്‍ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കൊലപാതക ശ്രമം തടയാന്‍ എത്തിയ ഭാര്യ പിതാവ് ശശി ബന്ധു രാധാമണി എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പ്രതിയെ നാലാം ദിവസമാണ് പൊലീസിന് പിടികൂടാന്‍ ആയത്. തുടര്‍ന്ന് കോഴിപ്പുറം ലോക്കല്‍ പൊലീസിന് പ്രതിയെ കൈമാറി. ജയകുമാറിന്റെ കുത്തേറ്റ് പരിക്ക് സംഭവിച്ച ഭാര്യ പിതാവ് ശശിയും ബന്ധു രാധാമണിയും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

