Site iconSite icon Janayugom Online

രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മന്‍

രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ദൃശ്യമാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മന്‍. ‘ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യതയുള്ള ആളാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആര് സ്ഥാനാര്‍ത്ഥിയാകണമെന്ന് പറയാന്‍ ഞാന്‍ ആരുമല്ല. പക്ഷേ ഞാന്‍ രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ല. ഇതില്‍ ഒരു വ്യക്തത വരുത്തുകയാണ്’ അച്ചു ഉമ്മന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇത്ര നേരത്തെ വേണ്ടിയിരുന്നില്ല. കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ ആക്കിയാല്‍ പാര്‍ട്ടിയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഒരു അംഗീകരാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിരുന്നു. അത് മകനാണോ മകളാണോ എന്ന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബമാണ് തീരുമാനിക്കേണ്ടതെന്നുമാണ് രാവിലെ സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞത്. ഇതോടെയാണ് ദൃശ്യമാധ്യമങ്ങള്‍ മരണവീട്ടിലെത്തി ഉമ്മന്‍ ചാണ്ടിയുടെ മകളുടെ നിലപാട് ആരാഞ്ഞത്.

അതേസമയം, വൈകീട്ട് തിരുവനന്തപുരത്തുവച്ച് ഇതേ ചോദ്യത്തിന് സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുക എന്ന് സുധാകരന്‍ തിരുത്തുകയും ചെയ്തു.

Eng­lish Sam­mury: Pudu­pal­ly by-elec­tion UDF can­di­date dis­cus­sion, Achu Oom­men says he will not go into politics 

Exit mobile version