കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അധ്യാപകൻ ജി സന്ദീപിനെയും കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട ചേവായൂർ മുൻ സബ് രജിസ്ട്രാർ പി കെ ബീനയെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു മാസത്തിനിടെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് സമാനമായ ഒരു ഡസനോളം നടപടികൾ ഉണ്ടായതിൽ അവസാനത്തേതാണ് ഇവ രണ്ടും. അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ ജെയസനിലിനെയും മണൽമാഫിയയുമായി ബന്ധമുള്ള ഏഴ് പൊലീസ് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്താക്കിയത്. രണ്ട് എസ്ഐമാരെയും അഞ്ച് സിപിഒമാരെയുമാണ് പുറത്താക്കിയത്. ഗ്രേഡ് എസ്ഐമാരായ ജോയ് തോമസ്, ഗോകുലൻ സി, സിവിൽ പൊലീസ് ഓഫിസർമാരായ പി എ നിസാർ, ഷിബിൻ എം വൈ, അബ്ദുൾ റഷീദ് ടി എം, ഷജീർ വി എ, ഹരികൃഷ്ണൻ ബി എന്നിവരെയാണ് മണൽമാഫിയാബന്ധവും പൊലീസ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളും പരിശോധനാ സൂചനകളും മണൽ മാഫിയക്ക് ചോർത്തി നൽകിയെന്നും കണ്ടെത്തിയതിനെത്തുടർന്ന് പിരിച്ചുവിട്ടത്. നേരത്തെ 13 ഉദ്യോഗസ്ഥരെ വിവിധ കാരണങ്ങളാൽ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ഒരുവർഷം മുമ്പ് കേരളത്തെ നടുക്കിയ വിസ്മയ കേസിൽ പ്രതിയായ കിരണിനെയും പിരിച്ചുവിട്ടിരുന്നു. സ്ത്രീവിരുദ്ധ പ്രവർത്തനം, സാമൂഹ്യവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടികൾ എന്നിങ്ങനെ ഗുരുതരമായ നിയമലംഘനവും പെരുമാറ്റദൂഷ്യവുമാണ് കിരണിന്റെ ഭാഗത്തുനിന്നുണ്ടായത് എന്ന് കണ്ടെത്തിയാണ് മോട്ടോർ വാഹനവകുപ്പിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണ് വിസ്മയയുടെ മരണത്തിനു കാരണമായത് എന്ന പ്രത്യേകതയുമുണ്ട്.
അതുകൊണ്ടുതന്നെ കിരണിന്റെ പിരിച്ചുവിടൽ സാമൂഹ്യമായ അനാചാരത്തിനെതിരായ നടപടി കൂടിയായി മാറുകയും അപൂർവമായിത്തീരുകയും ചെയ്യുന്നു. ജനങ്ങളോട് പ്രതിബദ്ധതയോടെയും മാതൃകാപരമായും പ്രവര്‍ത്തിക്കേണ്ട, നികുതിപ്പണം വേതനമായി പറ്റുന്ന ജീവനക്കാരെ നേര്‍വഴിക്ക് നയിക്കുന്നതിനുള്ള ഇത്തരം നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഇവിടെ പരാമര്‍ശിച്ച കേസുകളെ രണ്ട് വിഭാഗങ്ങളായി പരിഗണിക്കണം. ഒന്ന് ജോലിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ മറ്റുള്ളവ കുറ്റകൃത്യത്തിന്റെ ഫലമായുണ്ടായവയാണ്. ആദ്യത്തേത് അഴിമതിയും കൃത്യവിലോപവുമാണ്. മറ്റുള്ളവയില്‍ ഒന്ന് വന്ദന ദാസിന്റെ കൊലക്കേസില്‍ പ്രതിയായ സന്ദീപിന്റേതും വിസ്മയ കേസില്‍ പ്രതിയായ കിരണിന്റേതുമാണ്. അവ രണ്ടും കുറ്റകൃത്യങ്ങളെന്ന നിലയിലുള്ള പിരിച്ചുവിടല്‍ നടപടികളാണ്. രണ്ട് വിഭാഗങ്ങളും താരതമ്യം ചെയ്താല്‍ ആദ്യത്തേതില്‍ നടപടിക്ക് കാലതാമസമെടുക്കുന്നുവെന്ന് കാണാവുന്നതാണ്. വിസ്മയ കേസില്‍ കിരണിനെയും വന്ദന കേസില്‍ സന്ദീപിനെയും പിരിച്ചുവിടുന്നതിന് മാസങ്ങള്‍ മാത്രമാണെടുത്തത്. അതേസമയം കൈക്കൂലിയുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടിക്ക് നിരവധി വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുന്നുണ്ട്. മേല്‍പ്പരാമര്‍ശിച്ച വിഷയങ്ങള്‍ പരിശോധിച്ചാല്‍തന്നെ അത് വ്യക്തമാകും. കൈക്കൂലി വാങ്ങിയ കേസില്‍ പിരിച്ചുവിട്ട ചേവായൂർ മുൻ സബ് രജിസ്ട്രാർ പി കെ ബീനയെ 2014 ഫെബ്രുവരി 22ന് പിടികൂടുകയും കുറ്റക്കാരിയാണെന്ന് 2020 ജൂൺ 26ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. ഏഴ് വർഷ കഠിനതടവും അഞ്ച് ലക്ഷത്തിലേറെ രൂപ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പിരിച്ചുവിടുന്നതിന് മൂന്ന് വര്‍ഷത്തിലധികമെടുത്തു. വിജിലന്‍സ് വിഭാഗത്തിന്റെ ഔദ്യോഗിക അറിയിപ്പനുസരിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ കൈക്കൂലിക്കേസില്‍ അഞ്ചുപേരെ കോടതി ശിക്ഷിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ജീവനക്കാര്‍ക്കിടയിലെ കുറ്റകൃത്യങ്ങളില്‍ മഹാഭൂരിപക്ഷവും ആദ്യവിഭാഗത്തില്‍ പെടുന്നവയാണ്.
ഇതുകൂടി വായിക്കൂ: ഉന്നത വിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം
അതുകൊണ്ട് കോഴവാങ്ങല്‍, മറ്റ് കൃത്യവിലോപങ്ങള്‍ എന്നിവ അവസാനിപ്പിക്കുന്നതിന് കൂടുതല്‍ കര്‍ശനമായ ശിക്ഷാനടപടികള്‍ നിയമപരമായി നടപ്പിലാക്കണം. കൈക്കൂലിക്കേസില്‍ പിടിക്കപ്പെട്ടാല്‍ ഉടന്‍ പുറത്താക്കുവാന്‍ സാധിക്കുന്നവിധം കര്‍ശനമാക്കുവാന്‍ സാധിക്കുമോ എന്ന് പരിശോധിക്കണം. നിയമപരമായി അവധാനതയോടെയുള്ള പരിശോധനകളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട തീരുമാനമാണത്. എന്നാല്‍ ശിക്ഷിക്കപ്പെട്ട ഉടന്‍ പുറത്താക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിന് നിയമതടസമുണ്ടാകുമെന്ന് തോന്നുന്നില്ല. അതില്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന ജനപ്രതിനിധി സഭകളില്‍ അയോഗ്യത നിശ്ചയിക്കുന്നതിന് ഉപയോഗിക്കുന്ന മാനദണ്ഡം മാതൃകയാക്കാവുന്നതാണ്. രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടന്‍ അയോഗ്യരാക്കുന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. പിന്നീട് കോടതികള്‍ കുറ്റവിമുക്തരാക്കുകയോ ശിക്ഷാ കാലാവധി കുറയ്ക്കുകയോ ചെയ്താല്‍ അയോഗ്യത ഇല്ലാതാകുമെന്നതുപോലെ ജീവനക്കാരുടെ കാര്യത്തിലും സമീപനം സ്വീകരിക്കണം. കര്‍ശനമായ നടപടികളും സര്‍ക്കാരിന്റെ ബോധവല്‍ക്കരണവും ജനങ്ങളുടെ അവബോധത്തിലുണ്ടായ മാറ്റവും കാരണം ഉദ്യോഗസ്ഥ അഴിമതി കുറഞ്ഞിട്ടുണ്ട് എന്നത് വസ്തുതയാണ്. നടപടിയെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനവും നടപടികള്‍ വേഗത്തിലുമാക്കിയാല്‍ അവശേഷിക്കുന്ന അഴിമതിയും ഇല്ലാതാക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.