27 April 2024, Saturday

ഉന്നത വിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം

web desk
June 8, 2023 5:00 am

വിദ്യാർത്ഥി സംഘടനാ നേതാവിന്റെ മാർക്ക്‌ലിസ്റ്റിലെ ക്രമക്കേട് സംബന്ധിച്ച ആരോപണവും മുൻ നേതാവ് ഗസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായുള്ള പരാതിയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. രണ്ടു സംഭവങ്ങളിലും ഉൾപ്പെട്ടവർ ഒരു പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ മുൻനിര നേതാക്കളാണെന്നത് വിവാദത്തിന് ആനുപാതികമല്ലാത്ത വാർത്താപ്രാധാന്യം നല്കുന്നതിനും രൂക്ഷമായ രാഷ്ട്രീയ പ്രതികരണത്തിനും കാരണമായി. മാര്‍ക്ക്‌ലിസ്റ്റ് ക്രമക്കേടിൽ ഉൾപ്പെട്ടയാൾ അദ്ദേഹത്തിന്റെ സംഘടനയുടെ മുഖ്യഭാരവാഹികളിൽ ഒരാളാണ്. വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് അതേ സംഘടനയുടെ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭാരവാഹിത്വം വഹിച്ചിരുന്ന ആളാണ്. സത്യസന്ധവും നീതിപൂർവവുമായി പ്രവർത്തിക്കുമെന്നും പെരുമാറുമെന്നും വിദ്യാർത്ഥിസമൂഹവും സമൂഹം പൊതുവിലും പ്രതീക്ഷിക്കുന്നവർ അതിനു വിരുദ്ധമായി പ്രവർത്തിക്കുകയോ അത്തരത്തിൽ ആരോപണവിധേയരാവുകയോ ചെയ്യുമ്പോഴുണ്ടാകുന്ന വിവാദങ്ങൾക്കാണ് ഇപ്പോൾ കേരളം സാക്ഷ്യംവഹിക്കുന്നത്. മാർക്ക്‌ലിസ്റ്റ് ക്രമക്കേട് ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത പ്രവർത്തനത്തിന്റെ ഫലമല്ലെന്നും മറിച്ച് അത് തയ്യാറാക്കിയ നാഷണൽ ഇൻഫോർമാറ്റിക് സെന്ററിന്റെ (എൻഐസി) വീഴ്ചയാണെന്നും ഏറെ പ്രശസ്തവും സ്വയംഭരണാധികാരവുമുള്ള കോളജിന്റെ പ്രിന്‍സിപ്പാൾ പറയുന്നു. പ്രിൻസിപ്പാളിന്റെ വാദം മുഖവിലയ്ക്കെടുത്താലും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി സമൂഹത്തിന്റെ സംശയങ്ങളും വിദ്യാർത്ഥികളുടെ ആശങ്കകളും ദൂരീകരിക്കേണ്ടത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ സൽപ്പേരും പ്രതിച്ഛായയും നിലനിർത്താൻ അനിവാര്യമാണ്. ഗസ്റ്റ് ലക്ചറർ നിയമനത്തിന് വ്യാജരേഖ ചമച്ച കേസ് ഗുരുതരവും തികച്ചും അപലപനീയവുമാണ്. അത് ഒരു ക്രിമിനൽ കുറ്റകൃത്യമാണെന്നു മാത്രമല്ല, സമാനരീതിയിൽ വ്യാജരേഖ ഉപയോഗിച്ച് മുമ്പ് രണ്ട് കോളജുകളിൽ അവർ ലക്ചററായി പ്രവർത്തിച്ചിരുന്നതായും വാർത്തയുണ്ട്.

 


ഇതുകൂടി വായിക്കു; ‘എന്റയർ പൊളിറ്റിക്കൽ’ തട്ടിപ്പ്


അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരം കവർന്നെടുത്തുകൂടിയാണ് ഇതെന്നത് അവരുൾപ്പെട്ട സംഘടന ഉദ്ഘോഷിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ നിരാസമാണ്. ഇത്തരത്തിൽ വ്യാജരേഖ സൃഷ്ടിക്കുന്നതിൽ അവർക്കു ലഭിച്ചുവെന്ന് പറയപ്പെടുന്ന സഹായം സംഭവത്തിന് ഗൂഢാലോചനയുടെ മാനംകൂടി നല്കുന്നു. ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളെയും സർക്കാരിനെയും സമൂഹത്തെയും കബളിപ്പിക്കാനും അർഹരായവരുടെ അവകാശങ്ങൾ തട്ടിയെടുക്കാനും അനർഹമായ സാമ്പത്തികനേട്ടം ഉണ്ടാക്കാനും നടത്തിയ ശ്രമം അന്വേഷണവിധേയമാവണം, കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ തൊഴിൽരാഹിത്യത്തിന്റെ പ്രശ്നത്തിലേക്കു കൂടിയാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. തൊഴിലില്ലായ്മ പരിഹരിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ വലിയ പരിശ്രമങ്ങളാണ് നടത്തിവരുന്നത്. പിഎസ്‌സി വഴി സർക്കാർ സർവീസ് മേഖലയിലും സ്റ്റാർട്ടപ്പുകൾ വഴി സ്വയംതൊഴിൽ സംരംഭങ്ങളിലും തൊഴിലവസരങ്ങൾ പരമാവധി സൃഷ്ടിക്കാൻ വലിയൊരളവ് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഭാഷാപഠനമടക്കം വൈജ്ഞാനിക മേഖലകളിൽ അർഹരും യോഗ്യരുമായ എല്ലാവർക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നാം ഇനിയും ഏറെദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്ത് ഒഴിവുള്ള തസ്തികകൾ യഥാസമയം റിപ്പോർട്ട് ചെയ്യപ്പെടുന്നുവെന്നും നിയമനം കാലവിളംബം കൂടാതെ നടക്കുന്നുവെന്നും സർക്കാർ ഉറപ്പുവരുത്തണം.


ഇതുകൂടി വായിക്കു;പ്രഹേളികയായി ജാതി സെൻസസ്


ആധുനിക സമൂഹങ്ങളിൽ മേൽവിവരിച്ച തരത്തിലുള്ള ക്രമക്കേടുകളും വ്യാജരേഖ ചമയ്ക്കലും അസാധാരണമല്ലാതായിരിക്കുന്നു. എന്നാൽ, അത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടവർ പുരോഗമന ജനകീയ പ്രസ്ഥാനങ്ങളുടെ അമരക്കാരാകുമ്പോൾ അത് സാമാന്യജനത്തെ മാത്രമല്ല അത്തരം പ്രസ്ഥാനങ്ങളോട് പ്രതിബദ്ധതയും അവയിൽ വിശ്വാസവും അർപ്പിച്ചിട്ടുള്ള ജനവിഭാഗങ്ങളെ ഞെട്ടിപ്പിക്കുകയും അവരിൽ അവിശ്വാസത്തിന്റെ വിത്തുകൾ മുളയ്ക്കാൻ ഇടവരുത്തുകയും ചെയ്യും. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിക്കുപകരം ആൾമാറാട്ടം നടന്ന സംഭവങ്ങളടക്കം ഒരു പുരോഗമന വിദ്യാർത്ഥി സംഘടനയുടെ പ്രതിച്ഛായയെ ബാധിക്കുന്ന ഇത്തരം അപഭ്രംശങ്ങൾ ആ സംഘടനയുടെ നേതൃത്വം ഗൗരവപൂർവം ആത്മപരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറാകുമെന്നും സമൂഹം സ്വാഭാവികമായും പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങളിൽ ബന്ധപ്പെട്ട അധികൃതരും സർക്കാരും മുഖം നോക്കാതെയുള്ള നീതിപൂർവമായ അന്വേഷണത്തിനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്കും തയ്യാറാവണം. നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെയും സ്ഥാപനങ്ങളുടെയും വിശ്വാസ്യതയ്ക്കും അവയുടെ പ്രതിച്ഛായയ്ക്കും സൽപ്പേരിനും അത്തരം നടപടികൾ കൂടിയേതീരൂ. എങ്കില്‍ മാത്രമേ രാഷ്ട്രീയ പ്രതിയോഗികളുടെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനും ഉന്നത വിദ്യാഭ്യാസരംഗമടക്കം പൊതുവിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള സംരംഭങ്ങളെ വിജയത്തിലേക്ക് നയിക്കാനും സഹായകമാവൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.