Site iconSite icon Janayugom Online

പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: കാനം

പുതിയ പ്രതിസന്ധികളെ അതീജിവിക്കാനും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രം മാറ്റിക്കുറിക്കുന്നൊരുകാലത്താണ് നാം ജീവിക്കുന്നത്. ഇന്നത്തെ ചരിത്രം, ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം, സാമൂഹ്യ മാറ്റത്തില്‍ ഇവയുണ്ടാക്കിയ പങ്ക് തുടങ്ങിയവയെല്ലാം തമസ്കരിക്കുന്ന രാഷ്ട്രീയമാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നവര്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പുതിയ തലമുറക്ക് മനസിലാക്കിക്കൊടുക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവരില്‍ എത്തിക്കണം. ഇതിനായി രക്തസാക്ഷി സ്മരണകളും അന്തരിച്ച നേതാക്കളുടെ ജീവിതത്തെക്കുറിച്ചുള്ള അനുസ്മരണ സമ്മേളനങ്ങളും ആവശ്യമാണ്. പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്നതോടൊപ്പം അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കത്തക്ക രീതിയില്‍ സംസ്ഥാന സെന്ററായ എം എന്‍ സ്മാരകം നവീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. കോര്‍പ്പറേറ്റ് ഫണ്ടുകള്‍ സ്വീകരിക്കാതെ ജനങ്ങളുടെയും പാര്‍ട്ടി മെമ്പര്‍മാരുടെയും സഹായങ്ങള്‍ തേടിക്കൊണ്ടാണ് എം എന്‍ സ്മാരകം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള ഫണ്ട് പ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന് ഓരോ പാര്‍ട്ടി അംഗങ്ങളും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

2014 മുതല്‍ സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍വയ്ക്കുന്ന നിലപാടുകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് ദേശീയപാര്‍ട്ടി അംഗീകാരം കമ്മീഷന്‍ എടുത്തുകളഞ്ഞത്. സീറ്റ് അനുപാതം നോക്കാതെ എത്ര സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു, പാര്‍ട്ടിയുടെ കഴിഞ്ഞകാല പ്രവര്‍ത്തനം, ചരിത്രം എന്നിവ പരിശോധിച്ചാവണം അംഗീകാരം നല്‍കേണ്ടതെന്ന വാദമാണ് കമ്മീഷന്‍ തള്ളിക്കളഞ്ഞത്. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാറിവരുന്ന സാഹചര്യങ്ങളെ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ ജനങ്ങളെ സമീപിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ടി കൃഷ്ണന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: Activists must come for­ward to over­come crises: Kanam

You may also like this video

Exit mobile version