Site iconSite icon Janayugom Online

കോൺഗ്രസ്സ് നേതാവുമായി നടുറോഡിൽ വാക്കേറ്റം; നടൻ മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

കോൺഗ്രസ്സ് നേതാവുമായി നടുറോഡിൽ വച്ച് വാക്കേറ്റത്തിലേർപ്പട്ട നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. വൈദ്യപരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് വിട്ടയച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കെപിസിസി അംഗം വിനോദ് കൃഷ്ണയും മാധവ് സുരേഷുമായി ശാസ്തമംഗലം ജംഗ്ഷനിൽ വച്ചാണ് തർക്കമുണ്ടായത്. ഇരുവരുടെയും വാഹനങ്ങൾ നേർക്ക് നേർ വരികയും വാഹനം കൂട്ടിമുട്ടുന്ന സ്ഥിതി എത്തിയപ്പോൾ ഇരുവരും വണ്ടി നിർത്തി പുറത്തിറങ്ങി വാക്കേറ്റത്തിലേർപ്പെടുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ ആളുകൾ കൂടുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. തുടർന്ന് വിനോദ് കൃഷ്ണ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസിനോട് വിനോദ് കൃഷ്ണ, മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പറഞ്ഞതോടെയാണ് മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനോദിനോടും സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.

തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. പിന്നീട് പൊലീസിൻറെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ച നടത്തുകയും ഇരുവരെയും കേസെടുക്കാതെ വിട്ടയക്കുകയുമായിരുന്നു. 

Exit mobile version