Site iconSite icon Janayugom Online

നടി ആര്യയുടെ ‘ബുട്ടീക്കിന്റെ’ ഇൻസ്റ്റഗ്രാം വ്യാജപതിപ്പുകൾ നിർമിച്ച് തട്ടിപ്പ്; ഇരയായത് നിരവധിപേർ

നടി ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമ്മിച്ചുള്ള തട്ടിപ്പിന് ഇരയായത് നിരവധിപേർ.
15,000 രൂപയുള്ള സാരികൾ 1900 രൂപയ്‌ക്ക്‌ നൽകാമെന്ന്‌ പറഞ്ഞായിരുന്നു തട്ടിപ്പ്. ‘ബോട്ടീക്ക്‌ ആര്യ ഒഫീഷ്യൽ’ എന്ന പേജിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർകോഡ്‌ ലഭിച്ചു. സംശയം തോന്നിയവർ എറണാകുളം റൂറൽ സൈബർ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. നടി പൊലീസിൽ പരാതി നൽകി. 

ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. ചക്കരപ്പറമ്പലിലുള്ള ‘കാഞ്ചീവരം’ എന്ന ആര്യയുടെ റീട്ടെയിൽ ഷോപ്പിന്റെ പേരിൽ ആരംഭിച്ച ഇൻസ്‌റ്റഗ്രാം പേജ്‌ ‘കാഞ്ചീവരം. ഇൻ’ ആണ്‌. ഇതിന്റെ ഇരുപതോളം വ്യാജൻമാർ ആണ് ഇറങ്ങിയത്. നടി ആര്യ വ്യാജന്മാർക്കെതിരെ സൈബർ സെല്ലിലും പാലാരിവട്ടം പൊലീസിലും പരാതി നൽകി. 

Exit mobile version