Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. പ്രതികള്‍ക്ക് അര ലക്ഷം രൂപ വീതം പിഴയും ചുമത്തി. വിചാരണ തടവ് കാലയളവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. സെന്‍സേഷണലായ കേസാണെന്നും, പ്രതികളുടെ പ്രായം കൂടി പരിഗണിച്ചാണ് ശിക്ഷയെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 

ഇന്നലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വാദത്തിനിടെ പ്രതികള്‍ കുടുംബപ്രാരാബ്ധങ്ങള്‍ ഉന്നയിച്ച് ശിക്ഷയിന്മേല്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇത് കോടതി പരിഗണിച്ചില്ല.

എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമ പോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണ കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വച്ച് യുവനടി ആക്രമിക്കപ്പെടുന്നത്. നടിയോടുള്ള വ്യക്തി വൈരാഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകി എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിടുകയായിരുന്നു.
ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർ‌ട്ടിൻ എന്നിവർക്ക് 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും ആറ് മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. പിഴത്തുകയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിലുണ്ട്. 

Exit mobile version