Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് വിഷയത്തിൽ ദിലീപിന് വീണ്ടും തിരിച്ചടി ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി തള്ളി ഹൈക്കോടതി. തീര്‍പ്പാക്കിയ കേസിലെ മൊഴി പകര്‍പ്പ് നല്‍കരുതെന്നായിരുന്നു ദിലീപിന്റെ വാദം. ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ ഹര്‍ജിയാണ് തള്ളിയത് പ്രധാന ഹര്‍ജിക്കൊപ്പമുള്ള അനുബന്ധ ഉത്തരവാണ് സിംഗിള്‍ ബെഞ്ചിന്റേത് എന്നായിരുന്നു അതിജീവിതയുടെ അഭിഭാഷകന്റെ വാദം.

കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. പ്രത്യേക ഹര്‍ജിയായി പരിഗണിക്കണോയെന്ന കാര്യം സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്. സിംഗിൾ ബെഞ്ച് അധ്യക്ഷന്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുവാണ്. അന്വേഷണ റിപ്പോര്‍ട്ട് പോലെ തന്നെ റിപ്പോര്‍ട്ടിനാധാരമായ മൊഴികളും ലഭിക്കേണ്ടത് നിയമപരമായ അവകാശമാണെന്നാണ് അതിജീവിതയുടെ നിലപാട്. മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തിലെ നടപടിക്രമങ്ങളില്‍ ദിലീപ് കക്ഷിയല്ല. ഈ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടോ മൊഴിപ്പകര്‍പ്പോ ലഭിക്കുന്നതിനെ ദിലീപിന് എതിര്‍ക്കാനാവില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം. 

വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കുന്നത് നിയമ വിരുദ്ധമെന്നാണ് എട്ടാംപ്രതി ദിലീപിന്റെ വാദം. മെമ്മറി കാര്‍ഡില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി. ഇതേ ഹര്‍ജിയില്‍ പുതിയ ആവശ്യങ്ങളുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിക്കാനാവില്ല. തീര്‍പ്പാക്കിയ ഹര്‍ജിയില്‍ പുതിയ ഉത്തരവിറക്കിയത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നുമാണ് എട്ടാം പ്രതി ദിലീപിന്റെ വാദം.
കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായ അന്വേഷണമല്ല ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു നടക്കും.

Eng­lish Sum­ma­ry: Actress assault case; Dileep­’s retort peti­tion on mem­o­ry card issue rejected

You may also like this video

Exit mobile version