Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്ന സംഭവം; അതിജീവിതയുടെ ഉപഹര്‍ജി ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് അനുവാദമില്ലാതെ തുറന്നതില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മെമ്മറി കാര്‍ഡ് തുറന്നതില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യമാണ് കോടതി തള്ളിയത്. അതിജീവിത പുതിയ ഹര്‍ജി നല്‍കും. ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. മെമ്മറി കാര്‍ഡ് ഹാഷ് വാല്യു മാറിയതില്‍ അതിജീവിത നല്‍കിയ പരാതിയില്‍ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് മൂന്നു തവണ അനുമതിയില്ലാതെ മെമ്മറി കാര്‍ഡ് തുറന്നതായി കണ്ടെത്തി. എന്നാല്‍ കാര്‍ഡ് തുറന്നവര്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശയുണ്ടായിരുന്നില്ല.

ഇതേത്തുടര്‍ന്നാണ് മെമ്മറി കാര്‍ഡ് തുറന്നതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും, സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഐജി റാങ്കില്‍ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയില്‍ ഉപ ഹര്‍ജി നല്‍കിയത്.
അതേസമയം അതിജീവിതയുടെ ഉപഹര്‍ജിയെ കേസിലെ എട്ടാം പ്രതിയായ ദിലീപ് എതിര്‍ത്തിരുന്നു. കൂടാതെ ഹര്‍ജിക്കാരിക്ക് നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാവുന്നതാണെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കി. മുമ്പ് തീര്‍പ്പാക്കിയ കേസില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാനാവില്ലെന്നും ജസ്റ്റിസ് ഡയസ് ചൂണ്ടിക്കാട്ടി. 

Exit mobile version