നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികള്‍ കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ കോളിളക്കം സൃഷ്ടിച്ച നടിക്കെതിരെ നടന്ന അതിക്രമ കേസില്‍ കോടതി ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം റോസാണ് കേസില്‍ വിധി പറയുക. പള്‍സര്‍ സുനി എന്ന് അറിയപ്പെടുന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാംപ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലീം (വടിവാള്‍ സലീം), പ്രദീപ്, ചാര്‍ലി തോമസ് എന്നിവര്‍ രണ്ടുമുതല്‍ ഏഴുവരെയുള്ള പ്രതികളാണ്. സനില്‍കുമാര്‍ (മേസ്തിരി സനില്‍), ജി ശരത് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായ പള്‍സര്‍ സുനിക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. വിചാരണ നടപടി വൈകുന്നതില്‍ കടുത്ത അതൃപ്തി അറിയിച്ചാണു ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് ആലുവയ്ക്കടുത്ത് അത്താണിയില്‍ വച്ച് ഓടിക്കൊണ്ടിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. കുറ്റകൃത്യം നടന്ന് എട്ടര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് വിചാരണക്കോടതിയില്‍ ഹാജരാകണം. വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് പൂര്‍ത്തിയായത്. 2017 നവംബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കിലും വിചാരണ നടപടികള്‍ ആരംഭിക്കുന്നത് 2020 ജനുവരി 30നാണ്. 1600 രേഖകളാണ് പൊലീസ് കൈമാറിയിരുന്നത്. 260 സാക്ഷികളെയും വിസ്തരിച്ചു. ഇതില്‍ 28 സാക്ഷികള്‍ കൂറുമാറി.
നടിയെ ആക്രമിച്ച കേസ്: വിധി ഇന്ന്

