Site iconSite icon Janayugom Online

നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത് ;പരാതി സര്‍ക്കാര്‍ അന്വേഷിക്കും മന്ത്രി സജി ചെറിയാന്‍

ഷൂട്ടിംഗിനിടയില്‍ ലഹരി ഉപയോഗിച്ച നടന്‍ മോശമായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍. പരാതി സര്‍ക്കാര്‍ അന്വേഷിക്കും .സിനിമ മേഖലയിലെ ലഹരി ഉപഗോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കും ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. 

ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവേണ്ടതുണ്ട്. ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 

ഇനി നടക്കാൻ പോകുന്ന സിനിമ കോൺക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു

Exit mobile version