Site iconSite icon Janayugom Online

പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അദാലത്തുകള്‍ക്ക് നാളെ തുടക്കമാകും

പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ദീർഘകാലമായി ഫയലുകളിൽ കുടുങ്ങിക്കിടന്ന വിഷയങ്ങൾ പരിഹരിച്ച് പട്ടയം നൽകുന്നതിനായി റവന്യു മന്ത്രി പങ്കെടുക്കുന്ന ഉദ്യോഗസ്ഥതല അദാലത്തുകള്‍ക്ക് നാളെ തുടക്കമാകും. 14 ജില്ലകളിലും പ്രത്യേക അദാലത്തുകള്‍ നടക്കും. ആദ്യത്തേത് തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലാണ്. സാധ്യമാകുന്ന വിഷയങ്ങൾ അദാലത്തിൽ തന്നെ പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ നൽകും. 

പട്ടയം ലഭിക്കാത്ത മുഴുവൻ പേർക്കും പട്ടയം നൽകുക എന്ന ലക്ഷ്യത്തോടെ പട്ടയ മിഷൻ ഈ വർഷം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും നിയമസഭാ സാമാജികരുടെ അധ്യക്ഷതയിൽ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പട്ടയ അസംബ്ലികൾ ചേർന്നു. ഇവിടെ ജനപ്രതിനിധികൾ ഉന്നയിച്ച പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ച് പട്ടയ ഡാഷ്ബോർഡ് രൂപീകരിച്ചു. ഡാഷ്ബോർഡിലെ വിഷയങ്ങൾ ലാന്റ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിലുള്ള പട്ടയ മിഷന്റെ സംസ്ഥാനതല ദൗത്യ സംഘം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദീർഘകാലമായി തീർപ്പാക്കാതെ കിടന്ന പ്രശ്നങ്ങൾ പരിഹരിച്ച് പട്ടയം നൽകാൻ കഴിയുമെന്ന് സർക്കാരിലേക്ക് നിർദേശം സമർപ്പിച്ചത്. 

ബന്ധപ്പെട്ട ഉദ്യോഗസ്ഥർമാർ അതത് ഓഫിസുകളിൽ നിന്ന് ഫയലുകൾ സഹിതം ഓൺലൈനായി പങ്കെടുക്കണം. അദാലത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾക്ക് അനുസൃതമായി ഒരു മാസത്തിനുള്ളിൽ ഉത്തരവുകൾ പുറപ്പെടുവിച്ച് പട്ടയം നൽകാനാണ് ഉദ്ദേശിക്കുന്നത്. തീർപ്പാക്കാനാകാത്ത കേസുകൾ സർക്കാർ തലത്തിൽ പരിശോധിച്ച് പരിഹാര നടപടിയെടുക്കും. എല്ലാ അദാലത്തുകളിലും റവന്യു മന്ത്രി പങ്കെടുക്കും.
സെക്രട്ടേറിയറ്റിൽ റവന്യു സെക്രട്ടറിയുടെ നേതൃത്വത്തിലും കമ്മിഷണറേറ്റിൽ ലാന്റ് റവന്യു കമ്മിഷണറുടെ നേതൃത്വത്തിലും കളക്ടറേറ്റുകളിൽ അതാത് കളക്ടർമാരുടെ നേതൃത്വത്തിലുമായിരിക്കും അദാലത്ത് നടക്കുക.

Eng­lish Sum­ma­ry: Adalats will begin tomor­row to resolve land issues

You may also like this video

Exit mobile version