അഡാനി — മോഡി ബന്ധം പാര്‍ലമെന്റില്‍ തുറന്ന് പറഞ്ഞതിനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവരും തമ്മില്‍ പണ്ടുമുതലേ ബന്ധമുണ്ട്. അഡാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച കോടികൾ ആരുടേതാണ്? ഈ ചോദ്യമാണ് തെളിവു സഹിതം പാർലമെന്റിൽ ഉന്നയിച്ചത്. മോഡിയുടെ കണ്ണുകളില്‍ ഇപ്പോഴും ഭയമാണ്. ചോദ്യങ്ങളോരോന്നും ചോദിച്ചുകൊണ്ടേയിരിക്കും. അഡാനിയും മോഡിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. അഡാനിയും നരേന്ദ്ര മോഡിയും തമ്മിലുള്ള ബന്ധം പ്രതിപക്ഷം പുറത്തുകൊണ്ടുവരും.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് മുമ്പ് പലതവണ പറഞ്ഞിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. അതിന്റെ ഉദാഹരണങ്ങൾ നാം ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുകയാണ്. ‘പാർലമെന്റിൽ നടത്തിയ എന്റെ പസംഗം ഒഴിവാക്കി, പിന്നീട് ലോക്‌സഭാ സ്പീക്കർക്ക് ഞാൻ വിശദമായ മറുപടി എഴുതി. ചില മന്ത്രിമാർ എന്നെക്കുറിച്ച് നുണ പറഞ്ഞു. ഞാൻ വിദേശ ശക്തികളുടെ സഹായം തേടിയെന്നാണ് അവർ ആതോപിക്കുന്നത്. അങ്ങനെയൊന്നും ഞാൻ ചെയ്തില്ല. ആരോപണം ഉന്നയിച്ചാലും അയോഗ്യനാക്കിയാലും ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ നിർത്തില്ല. പ്രധാനമന്ത്രി മോഡിയും അഡാനിയും തമ്മിലുള്ള ബന്ധത്തെ ഞാൻ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും’ — രാഹുൽ പറഞ്ഞു.
രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ഏശില്ല. ജയിലിലടച്ചാലും താൻ ഭയക്കില്ല. മാപ്പ് പറയാൻ ഞാൻ സവാര്‍ക്കറല്ല. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തൻ്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. അവർക്ക് വിശദാംശങ്ങൾ അറിയിച്ച് കത്തെഴുതുമെന്നും രാഹുൽ വ്യക്തമാക്കി.
English Sammury: Rahul Gandhi say, Adani-Modi nexus will be exposed by opposition