Site iconSite icon Janayugom Online

കുതിരക്കച്ചവടം; രാജ്യസഭയിലേക്ക് അധിക ബിജെപി സ്ഥാനാര്‍ത്ഥികള്‍

രാജ്യസഭയിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ കുതിരക്കച്ചവടത്തിന്റെ പുതിയ തന്ത്രവുമായി ബിജെപി. തങ്ങളുടെ നിയമസഭാ ശക്തിക്കപ്പുറം കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തി വോട്ടു കച്ചവടത്തിനുള്ള നീക്കമാണ് നടത്തുന്നത്. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിനുള്ളിലെ അസ്വാരസ്യം മുതലെടുത്ത് വോട്ടുകൾ വിലയ്ക്കുവാങ്ങുകയാണ് ലക്ഷ്യം. ഇതിനു സാധ്യമാകുന്ന അതിസമ്പന്നരെയും സ്ഥാനാര്‍ത്ഥികളാക്കി.

രാജസ്ഥാനിൽ സീ ന്യൂസ് മേധാവി സുഭാഷ് ചന്ദ്ര, മഹാരാഷ്ട്രയിൽ ധനഞ്ജയ് മഹാദിക്ക്, കർണാടകയിൽ ലഹർ സിങ് എന്നിവരെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍, ഹരിയാനയിൽ കാർത്തികേയ ശർമ്മ എന്നിവർക്കും ബിജെപി പിന്തുണ പ്രഖ്യാപിച്ചത് ഈ ലക്ഷ്യത്തോടെയാണ്. രൺദീപ് സുർജേവാല, മുകുൾ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെ കോൺഗ്രസ് മത്സരിപ്പിക്കുന്ന രാജസ്ഥാനിൽ ഒഴിവുള്ള നാലിൽ രണ്ട് സീറ്റിൽ കോൺഗ്രസും ഒന്നിൽ ബിജെപിയും വിജയിക്കുമെന്ന നിലയാണ്.

മത്സരം നടക്കുന്ന നാലാം സീറ്റിലേക്ക് സീ മീഡിയ ഉടമയും എസ്സെല്‍ ഗ്രൂപ്പ് ചെയർമാനുമായ സുഭാഷ് ചന്ദ്രയെയാണ് ബിജെപി രംഗത്ത് ഇറക്കിയത്. കോണ്‍ഗ്രസ് വിജയം പ്രതീക്ഷിക്കുന്ന സീറ്റിൽ ഉത്തർപ്രദേശിൽ നിന്നുള്ള പ്രമോദ് തിവാരിയെ ‘പുറത്തുനിന്നുള്ള’ വ്യക്തിയെന്ന വികാരം ആളിക്കത്തിച്ച് കുതിരക്കച്ചവടം നടത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോൺഗ്രസിന് 108 വോട്ടും ബിജെപിക്ക് 71 വോട്ടുമാണുള്ളത്. മൂന്നാം സീറ്റിൽ വിജയിക്കാൻ കോൺഗ്രസിന് 15 വോട്ടുകളും ബിജെപിക്ക് 11 വോട്ടുകളും അധികമായി വേണം.

ഹരിയാനയിൽ 31 എംഎൽഎമാരുള്ള കോൺഗ്രസിന് അജയ് മാക്കനെ വിജയിപ്പിക്കാനാകും. എന്നാൽ കാർത്തികേയ ശർമയെ അധിക സ്ഥാനാർത്ഥിയായി രംഗത്തിറക്കിയത് മാക്കന് ബുദ്ധിമുട്ടുണ്ടാക്കും. രണ്ട് കോൺഗ്രസ് വോട്ട് ബിജെപിക്ക് വാങ്ങാനായാൽ മാക്കനും ശര്‍മയ്ക്കും തുല്യമായ ഒന്നാം മുൻഗണന വോട്ടുകൾ ലഭിക്കും. തുടർന്ന് രണ്ടാം മുൻഗണനയും വരും. ആ സാഹചര്യത്തിൽ ശര്‍മയ്ക്ക് നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

കോൺഗ്രസും ബിജെപിയും അധിക സ്ഥാനാർത്ഥികളെ നിർത്തിയത് കർണാടക തെരഞ്ഞെടുപ്പിൽ വ്യത്യസ്തമായ ചിത്രം നല്കുന്നു. ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 45 വോട്ടുകൾ വേണം. 119 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് പേരെ ജയിപ്പിക്കാനാകും. ധനമന്ത്രി നിർമ്മലാ സീതാരാമനും നടൻ ജഗ്ഗേഷും വിജയിക്കും. മിച്ചമുള്ളത് 29 വോട്ടുകളാണ്. കോണ്‍ഗ്രസിന് 69 എംഎൽഎമാരുണ്ട്. മുന്‍മന്ത്രി ജയറാം രമേശ് വിജയിക്കും. ശേഷിക്കുന്നത് 24 വോട്ടുകള്‍. 31 എംഎൽഎമാരുള്ള ജനതാദൾ (എസ്) അവരുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ആരുടെ പിന്തുണ തേടും എന്നത് നിര്‍ണായകമാണ്.

മഹാരാഷ്ട്രയില്‍ ഉത്തർപ്രദേശിൽ നിന്നുള്ള ഇമ്രാൻ പ്രതാപ്ഗഡിയെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സഖ്യകക്ഷികളായ ശിവസേനയും എൻസിപിയും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. മഹാ വികാസ് അഘാഡി സംസ്ഥാനത്ത് നിന്ന് ആരെയെങ്കിലും തെരഞ്ഞെടുക്കാമായിരുന്നുവെന്ന് സൂചിപ്പിച്ചു. സംസ്ഥാന കോൺഗ്രസ് ജനറൽ സെക്രട്ടറി ആശിഷ് ദേശ്‍മുഖ് പ്രതിഷേധിച്ച് രാജിവയ്ക്കുകയും ചെയ്തു. എങ്കിലും എല്ലാ സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് എംവിഎ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

Eng­lish summary;Additional BJP can­di­dates for Rajya Sabha

You may also like this video;

Exit mobile version