ഡിജിപി അറിയാതെ എഡിജിപി എം ആർ അജിത്കുമാർ പൊലീസിൽ തുടങ്ങിയ സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ടു. എഡിജിപി മനോജ് എബ്രഹാം ആണ് ഇതിന് നിർദേശം നൽകിയത്. 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നൽകി. നാലുമാസം മുമ്പാണ് അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാർ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്. സംസ്ഥാനത്ത് സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണ് വിവരങ്ങൾ തനിക്ക് മാത്രം റിപ്പോർട്ട് ചെയ്യാൻ 20 ഇടങ്ങളിലായി അജിത് കുമാർ 40 നോഡൽ ഓഫിസർമാരടങ്ങിയ സമാന്തര ഇന്റലിജൻസ് രൂപവത്കരിച്ചത്.
40 പേരിൽ 10 പേർ എസ്ഐമാരും അഞ്ചു പേർ എഎസ്ഐമാരും ബാക്കിയുള്ളവർ സിനിയർ സിവിൽ പൊലീസ് ഓഫിസർമാരുമാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനം കൊണ്ടുവന്നതെന്നും ആരോപണമുയർന്നിരുന്നു. സമാന്തര ഇന്റലിജൻസ് സംവിധാനത്തിനെതിരെ ഡിജിപി ശൈഖ് എസ് ദർവേശ് സാഹിബും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.