Site iconSite icon Janayugom Online

മോഹന്‍ ഭാഗവതിനെ വെല്ലുവിളിച്ച് ആദിത്യനാഥ്; ക്ഷേത്ര‑മസ‍്ജിദ് വിവാദം കത്തിക്കുന്നു

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചത് അനിവാര്യമായിരുന്നുവെന്നും എന്നാല്‍ രാജ്യത്ത് ക്ഷേത്ര‑മസ‍്ജിദ് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും വിശദീകരിക്കുന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ആഹ്വാനം തള്ളി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ് സര്‍ക്കാര്‍. സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്നതും, മുമ്പ് തകര്‍ക്കപ്പെട്ടതുമായ ക്ഷേത്രങ്ങള്‍ കണ്ടെത്തുകയും നവീകരിക്കുകയും ചെയ്യുന്നതാണ് നിലപാടെന്ന് ഭരണകൂടം ശഠിക്കുന്നു.
2027ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇത് തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നരേന്ദ്ര മോഡിക്ക് ശേഷം പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടിയിരിക്കുന്ന ആദിത്യനാഥിന്റെ നിര്‍ണായക നീക്കമാണിത്. ശനിയാഴ‍്ച ഫറൂഖാബാദിലെ മധോപൂര്‍ ഗ്രാമത്തിലെ ആളൊഴിഞ്ഞ ശിവക്ഷേത്രം ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ തുറന്നു. കഴിഞ്ഞ ദിവസം വിഗ്രഹത്തില്‍ ജലാഭിഷേകം നടത്തി. നാല് പതിറ്റാണ്ടിലധികം പഴക്കമുള്ള ക്ഷേത്രം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രം കയ്യേറിയതാണെന്ന് മഹന്ത് ഈശ്വര്‍ ദാസ് എന്ന പുരോഹിതന്‍ ആരോപിച്ചു. ചില ഗ്രാമവാസികളാണ് ഇതിന് പിന്നിലെന്നും ആക്ഷേപിച്ചു.

രണ്ട് ദിവസം മുമ്പ് ലഖ്നൗവില്‍ നിയമസഭയ്ക്ക് സമീപമുള്ള വാണിജ്യ സമുച്ചയത്തിനു താഴെ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രാവശിഷ്ടം കണ്ടെത്തിയതായി ഒരു ഹിന്ദു സംഘടന അവകാശപ്പെട്ടു. ഗജരാജ് സിങ് 1885ല്‍ നിര്‍മ്മിച്ചതാണെന്നും സമാജ്‍വാദി പാര്‍ട്ടിയിലെ ചിലര്‍ 1992ല്‍ ക്ഷേത്രത്തിന് ചുറ്റും കോംപ്ലക‍്സ് നിര്‍മ്മിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. കടകള്‍ പൊളിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ബ്രാഹ്മണ സന്‍സദ് നേതാവ് അമര്‍നാഥ് മിശ്ര പറഞ്ഞു. എന്നാല്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്നും കെട്ടിടത്തിന് താഴത്തെ നിലയില്‍ വര്‍ഷങ്ങളായി ക്ഷേത്രം നിലവിലുണ്ടെന്നും കെട്ടിട ഉടമ സെയ‍്ദ് ഹുസൈന്‍ പറഞ്ഞു. 15 വര്‍ഷമായി എല്ലാ വൈകുന്നേരവും ഇവിടെ ആരാധന നടക്കുന്നുണ്ടെന്ന് പ്രദേശവാസിയായ രജനീഷ് ശുക്ല പറഞ്ഞു.

മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്ത് മസ‍്ജിദുകള്‍ നിര്‍മ്മിക്കുകയായിരുന്നു വെന്ന അവകാശവുമായി വിവിധ ഹിന്ദു സംഘടനകള്‍ കോടതിയെ സമീപിക്കുന്നതിനെ ആര്‍എസ്എസ് മേധാവി വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ ഐക്യത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സനാതന ധര്‍മ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ആദിത്യനാഥ് ആവര്‍ത്തിച്ചു. ആദിത്യനാഥിനെ തടയാന്‍ മോഹന്‍ ഭാഗവതിന് കഴിയില്ലെന്നും ആര്‍എസ്എസിലെ പലരും ബിജെപി സര്‍ക്കാരുകളോട് കടപ്പെട്ടവരാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല സര്‍സംഘ്ചാലക് മാരും നിരസിച്ച സര്‍ക്കാര്‍ സുരക്ഷ മോഹന്‍ ഭാഗവത് സ്വീകരിച്ചത് ഉദാഹരണമാണ്. സംഭാലിലെ ഷാഹി ജുമാ മസ‍്ജിദില്‍ സര്‍വേ നടത്തണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നാല് പേരെ വെടിവച്ച് കൊന്നിരുന്നു. അതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ കണ്ടെത്തുന്ന സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചത്.

Exit mobile version