Site iconSite icon Janayugom Online

കൗമാരക്കാരികള്‍ ലൈംഗികതൃഷ്ണ അടക്കണം; കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീം കോടതി റദ്ദാക്കി

കൗമാരപ്രായത്തിലെ പെണ്‍കുട്ടികള്‍ ലൈംഗിക തൃഷ്ണ നിയന്ത്രിക്കണമെന്ന കല്‍ക്കട്ട ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി. പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലായിരുന്നു ഹൈക്കോടതിയുടെ വിവാദ പരാമർ‌ശം. കേസില്‍ പോക്സോ ആക്ട് പ്രകാരമുള്ള ശിക്ഷ പുനഃസ്ഥാപിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടെ ഉത്തരവ് തെറ്റായ സൂചന നല്‍കുമെന്ന് വ്യക്തമാക്കിയാണ് സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി. കല്‍ക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായക വിധി പുറപ്പെടുവിച്ചത്. വിധിന്യായങ്ങൾ എങ്ങനെ എഴുതണമെന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഓക, പോക്സോ നിയമത്തിലെ ആറ്, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3), 376(2)(എൻ) എന്നിവ പ്രകാരം പ്രതികളുടെ ശിക്ഷ പുനഃസ്ഥാപിച്ചതായി ഉത്തരവില്‍ പറഞ്ഞു. 

ലൈംഗിക അതിക്രമത്തിന് വിധേയയായ പെണ്‍കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബാലനീതി നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം. പോക്സോ നിയമം അനുസരിച്ച് ബലാത്സംഗക്കുറ്റം ചുമത്തി വിചാരണക്കോടതി യുവാവിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ പ്രതിയെ കുറ്റവിമുക്തനാക്കി 2023 ഒക്ടോബർ 18ന് കല്‍ക്കട്ട ഹൈക്കോടതി വിധി പ്രസ്താവിക്കുകയായിരുന്നു. രണ്ട് മിനിറ്റിലെ സന്തോഷം കണ്ടെത്തുന്നതിന് പകരം കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക ആവശ്യങ്ങളെ നിയന്ത്രിക്കണമെന്നായിരുന്നു ജസ്റ്റിസുമാരായ ചിത്തരഞ്ജൻ ദാസ്, പാർത്ഥ സാരഥി സെൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിലെ വിവാദ പരാമർശം. വിടവാങ്ങല്‍ പ്രസംഗത്തില്‍ താന്‍ ആര്‍എസ്എസ് അനുകൂലിയാണെന്നും ഇനിയുള്ള കാലം സംഘടനയ്ക്കായി പ്രവര്‍ത്തിക്കുമെന്നും തുറന്നുസമ്മതിച്ച ജഡ്ജിയായിരുന്നു ചിത്തരഞ്ജൻ ദാസ്. 

Exit mobile version