Site iconSite icon Janayugom Online

തത്സമയ ഗൂഗിള്‍ പരിഭാഷയ്ക്ക് നൂതന സംവിധാനങ്ങള്‍

ആഗോള സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ തങ്ങളുടെ പരിഭാഷ വിഭാഗത്തില്‍ തത്സമയം സംഭാഷണം വിവര്‍ത്തനം ചെയ്യുന്നതിനും അനുയോജ്യമായ ഭാഷാ പരിശീലനത്തിനുമായി രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ജെമിനി മോഡലുകളുടെ നൂതന അറിവും മള്‍ട്ടിമോഡല്‍ ശേഷിയും ഉപയോഗിച്ചാണ് ഇവ നടപ്പാക്കിയതെന്ന് കമ്പനി അറിയിച്ചു. അറബിക്, ഫ്രഞ്ച്, ഹിന്ദി, കൊറിയന്‍, സ്പാനിഷ്, തമിഴ് എന്നിവ അടക്കം 70-ലധികം ഭാഷകളില്‍ ഓഡിയോ, ഓണ്‍-സ്ക്രീന്‍ പരിഭാഷകള്‍ക്കൊപ്പം തത്സമയ സംഭാഷണങ്ങളെയും മൊഴിമാറ്റാന്‍ അപ്ഡേറ്റ് ചെയ്ത ട്രാന്‍സ്‍സ്ലേറ്റ് ആപ്പ് സഹായിക്കുന്നു.

ഇത് ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഒഎസിനുള്ള ട്രാന്‍സ്‍സ്ലേറ്റ് ആപ്പ് തുറന്ന ശേഷം ലൈവ് ട്രാന്‍സ്‍സ്ലേറ്റ് എന്ന വിഭാഗത്തില്‍ അമര്‍ത്തുക. ശേഷം വിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭാഷകള്‍ തെരഞ്ഞെടുത്ത് സംസാരിക്കാന്‍ തുടങ്ങുക. നിങ്ങളുടെ ഉപകരണത്തില്‍ രണ്ട് ഭാഷകളിലും സംഭാഷണത്തിന്റെ ഓണ്‍-സ്ക്രീന്‍ ട്രാന്‍സ‍്ക്രിപ്റ്റ് ഉപയോഗിച്ച് വിവര്‍ത്തനം കേള്‍ക്കാം. യുഎസ്, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇന്നലെ മുതല്‍ ഈ പുതിയ സംവിധാനം ലഭ്യമാണ്.

ശബ്ദകോലാഹലമുള്ള അന്തരീക്ഷമാണെങ്കില്‍ വ്യക്തതയ്ക്കായി അവര്‍ സംഭാഷണം തിരിച്ചറിയുന്നതിനുള്ള വിപുലമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. തിരക്കേറിയ വിമാനത്താവളങ്ങള്‍, കഫേകള്‍, പബുകള്‍ എന്നിവിടങ്ങളില്‍ ശബ്ദം വേര്‍തിരിച്ചെടുക്കാന്‍ ഈ ആപ്പിന് കഴിയും. സ്പാനിഷ്, ഫ്രഞ്ച് ഭാഷകള്‍ പഠിക്കുന്ന ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കും ഇംഗ്ലീഷ് പഠിക്കുന്ന സ്പാനിഷ്, ഫ്രഞ്ച്,പോര്‍ച്ചുഗീസ് സംസാരിക്കുന്നവര്‍ക്കും ഇഷ്ടാനുസരണം കേള്‍ക്കാനും സംസാരം പരിശീലിക്കുന്നതിനുമുള്ള ബീറ്റ ഭാഷാ പരിശീലന സംവിധാനം ഈ ആഴ്ച ഗൂഗിള്‍ പുറത്തിറക്കും.

Exit mobile version