Site iconSite icon Janayugom Online

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അഡ്വാനിയും ജോഷിയും പങ്കെടുക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്

bjpbjp

മുന്‍ കേന്ദ്രമന്ത്രിമാരും, ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായ എല്‍ കെ അഡ്വാനിയും, മുരളീമനോഹര്‍ ജോഷിയും അയോധ്യയില്‍ പുതുതായി നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തില്‍ അടുത്ത മാസം നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ഇരുവരും കുടുംബത്തിലെ മുതിര്‍ന്നവരാണ്.അവരുടെ ആരോഗ്യവും പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യര്‍ത്ഥിച്ചു. അത് ഇരുവരും അംഗീകരിച്ചു.

രാമക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചതാണിത്. രാമക്ഷേത്രത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നനേതാക്കളാണ് അഡ്വാനിയും, ജോഷിയും. ഇരുവരും ബിജെപി പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് റായ് പറഞ്ഞു. ക്ഷണിതാക്കളുടെ വിശദമായ പട്ടിക നൽകിയ റായ്, ആരോഗ്യവും പ്രായവും കണക്കിലെടുത്താണ് അഡ്വാനിയും ജോഷിയും ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് റായ് പറഞ്ഞു. അഡ്വാനിക്ക് ഇപ്പോൾ 96 വയസ്സുണ്ട്, ജോഷിക്ക് അടുത്ത മാസം 90 വയസ്സ് തികയും. മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ സന്ദർശിക്കാനും ചടങ്ങിലേക്ക് ക്ഷണിക്കാനും മൂന്നംഗ സംഘത്തെ നിയോഗിച്ചതായി റായ് പറഞ്ഞു. ജനുവരി 15നകം ഒരുക്കങ്ങൾ പൂർത്തിയാകുമെന്നും പ്രാൺ പ്രതിഷ്ഠയ്ക്കുള്ള പൂജ ജനുവരി 16ന് ആരംഭിച്ച് ജനുവരി 22 വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആറ് ദർശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും ചടങ്ങിൽ പങ്കെടുക്കും. നാലായിരത്തോളം പുരോഹിതരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്ണോദേവി, മത, ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽനിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ, ചലച്ചിത്ര സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് കാമത്ത്, ഐഎസ്ആർഒ ഡയറക്ടർ നിലേഷ് ദേശായിയെയും മറ്റു നിരവധി പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റായ് പറഞ്ഞു.

പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ജനുവരി 24 മുതൽ 48 ദിവസത്തേക്ക് ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മണ്ഡലപൂജ നടക്കും. ജനുവരി 23ന് ക്ഷേത്രം ഭക്തർക്കായി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിഥികൾക്ക് അയോധ്യയിൽ മൂന്നിലധികം സ്ഥലങ്ങളിൽ തങ്ങാൻ കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റായ് പറഞ്ഞു. ഇതുകൂടാതെ വിവിധ മഠങ്ങളും ക്ഷേത്രങ്ങളും വീട്ടുകാരും ചേർന്ന് 600 മുറികൾ ലഭ്യമാക്കിയിട്ടുണ്ട്.

പ്രതിഷ്ഠ ചടങ്ങിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരും അറിയിച്ചു. ഭക്തർക്കായി ഫൈബർ ശുചിമുറികൾ സ്ഥാപിക്കുമെന്നും സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള മുറികൾ സജ്ജീകരിക്കുമെന്നും മുനിസിപ്പൽ കമ്മിഷണർ വിശാൽ സിങ് പറഞ്ഞു. രാമന്റെ ജീവിതത്തിൽ നിന്നുള്ള 108 സംഭവങ്ങൾ പ്രദർശിപ്പിക്കുന്ന ടേബിളുകൾ പ്രദർശിപ്പിക്കുന്ന രാം കഥ കഞ്ച് ഇടനാഴി രാമജന്മഭൂമി സമുച്ചയത്തിൽ നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Advani and Joshi will not par­tic­i­pate in the Ram tem­ple ded­i­ca­tion cer­e­mo­ny, the tem­ple trust said

You may also like this video

Exit mobile version