Site iconSite icon Janayugom Online

ക്ഷേത്ര ഭരണസമിതിയിൽ നിന്നും അഭിഭാഷകരെയും പുറത്ത് നിന്നുള്ളവരെയും മാറ്റി നിർത്തണം;അലഹബാദ് ഹൈക്കോടതി

അഭിഭാഷകരെയും ജില്ലാ ഭരണസമിതിയിലുള്ളവരെയും ക്ഷേത്രങ്ങളുടെ ഭരണത്തില്‍ നിന്നും നിയന്ത്രണങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണമെന്ന് അലഹബാദ് ഹൈക്കോടതി.മതപരമായ കാര്യങ്ങളില്‍ ബന്ധമുള്ളവരെ ഇതിനായി ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

ദേവേന്ദ്രകുമാര്‍ ശര്‍മ്മയും മഥുരയില്‍ നിന്നുള്ള മറ്റൊരു പരാതിക്കാരനും ക്ഷേത്രവുമായി ബന്ധപ്പെട്ട് നല്‍കിയ തര്‍ക്ക ഹര്‍ജിയില്‍ റിസീവര്‍ നിയമനം സംബന്ധിച്ച കോടതി അലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

”ഇപ്പോള്‍ മഥുര കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ നിന്നും എല്ലാ ക്ഷേത്രങ്ങളെയും സ്വതന്ത്രമാക്കേണ്ട സമയമായി.അത്യാവശ്യമെങ്കില്‍ ക്ഷേത്ര ഭരണ സമിതിയുമായി ബന്ധമുള്ളതും മതപരമായ ചായിവുള്ള ഒരാളെ കോടതികള്‍ക്ക് റിസീവറായി നിയമിക്കാമെന്നും ജസ്റ്റിസ് രോഹിത് രഞ്ചന്‍ അഗര്‍വാള്‍ പറഞ്ഞു.

മഥുര ക്ഷേത്രവുമായി ബന്ധപ്പെട്ട് 197 പെന്‍ഡിംഗ് സിവില്‍ സ്യൂട്ടുകളാണുള്ളതെന്നും കോടതി അറിയിച്ചു.

മതപരമായ ബന്ധമില്ലാത്ത ആളുകളും ക്ഷേത്രങ്ങളുടെയും മത ട്രസ്റ്റുകളുടെയും ഭരണം ഏറ്റെടുത്താല്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടും.ഇത്തരം നടപടികള്‍ തുടക്കത്തില്‍ തന്നെ തടയണമെന്നും ജഡ്ജി പറഞ്ഞു.ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണം അഭിഭാഷകരെ ഏല്‍പ്പിക്കുന്നത് കാലതാമസത്തിനും വ്യവഹാര നടപടികള്‍ നീണ്ട്‌പോകുന്നതിനും കാരണമാകുമെന്നും കോടതി പറഞ്ഞു.

പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകര്‍ക്ക് ക്ഷേത്ര കാര്യങ്ങള്‍ നോക്കാനുള്ള സമയമുണ്ടാകില്ലെന്നും ഇപ്പോള്‍ ഇതൊക്കെ ഒരു സ്റ്റാറ്റസിന്റെ ഭാഗമായി മാറിയെന്നും കോടതി പറഞ്ഞു.

Exit mobile version