Site iconSite icon Janayugom Online

അഫ്ഗാൻ വാണിജ്യ‑വ്യവസായ മന്ത്രി ഇന്ത്യയിൽ; എയർ കോറിഡോർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ സാധ്യത

അഫ്ഗാനിസ്ഥാൻ വാണിജ്യ‑വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യൻ വാണിജ്യ മന്ത്രി, മറ്റ് ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പാകിസ്താനുമായുള്ള ട്രാൻസിറ്റ് വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ, അഫ്ഗാൻ താലിബാൻ ഭരണകൂടം ഇറാനിലേക്കും ഇന്ത്യയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാരത്തിനായി ഒരു വ്യോമ ഇടനാഴി സ്ഥാപിക്കണമെന്ന് മന്ത്രി ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ 90 കോടി ഡോളറിലുള്ള (900 മില്യൺ ഡോളർ) ഇന്ത്യയുമായുള്ള വ്യാപാരം 200–300 കോടി ഡോളറായി (2–3 ബില്യൺ ഡോളർ) ഉയർത്താനാണ് അഫ്ഗാൻ ലക്ഷ്യമിടുന്നത്. ഇതിനായി ഇറാനിലെ തന്ത്രപ്രധാനമായ ചാബഹാർ തുറമുഖത്തിന്റെ പരമാവധി ഉപയോഗവും അഫ്ഗാനിസ്ഥാൻ ലക്ഷ്യമിടുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഈ ഉന്നതതല കൂടിക്കാഴ്ചകൾക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.

Exit mobile version