എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാലടി, മലയാറ്റൂർ — നീലീശ്വരം പഞ്ചായത്തിലെ പാണ്ട്യൻചിറയിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പന്നിഫാമിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഫാമിനുള്ളിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇന്ന് ഉച്ചയോടെ കൊന്ന് സംസ്കരിച്ചു.
പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും, പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് പന്നി മാംസം വിതരണം ചെയ്യുന്നതിനും, മാംസം വിൽക്കുന്ന കടകളുടെ പ്രവർത്തനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച ഫാമുകളിൽ നിന്ന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മറ്റ് പന്നിഫാമുകളിലേക്ക് പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും അധികൃതർ അന്വേഷിക്കും.

