Site iconSite icon Janayugom Online

കഠിനമായ ചൂടിന് ശേഷം പൊടിക്കാറ്റിൽ വലഞ്ഞ് രാജ്യതലസ്ഥാനം

ദിവസങ്ങളോളം നീണ്ട കഠിന ചൂടിന് ശേഷം കാലാവസ്ഥാ മാറ്റത്തിന് സാക്ഷ്യം വഹിച്ച് ഡൽഹിയും സമീപ പ്രദേശങ്ങളും.  ഡൽഹി, ഹരിയാന, പശ്ചിമ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പല ഭാഗങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചു. ഇതിൻറെ ആഘാതം രാത്രി 9 മണി വരെ നീണ്ടു നിൽക്കുമെന്നാണ് വിലയിരുത്തൽ.

കാറ്റ് വിളകൾക്കും ദുർബല ഘടനകൾക്കും നാശം വരുത്താൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആളുകൾ കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സാധ്യമെങ്കിൽ യാത്രകൾ ഒഴിവാക്കാനും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മരങ്ങൾക്കിടയിലേക്ക് പോകുകയോ കോൺക്രീറ്റ് തറയിൽ കിടക്കുകയോ, കോൺക്രീറ്റ് ഭിത്തിയിൽ ചാരുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.

ശക്തമായ കാറ്റിൽ ലോധി ഗാർഡൻ ഉൾപ്പെടെ ഡൽഹിയിലെ പല പ്രദേശങ്ങളിലും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. തിങ്കളാഴ്ച രാജ്യ തലസ്ഥാനം സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു.

Exit mobile version