Site iconSite icon Janayugom Online

ആരോഗ്യരംഗത്ത് വീണ്ടും; കേരളം മാതൃക

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് വീണ്ടും നിതി ആയോഗ്. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് നിതി ആയോഗ് അംഗം ഡോ. വിനോദ് കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും കുറവ് മാതൃ-ശിശു മരണനിരക്കുള്ള സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയോജന ആരോഗ്യ പരിപാലനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടേറിയറ്റില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നിതി ആയോഗ് അംഗം കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്.

നിതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനം കൈവരിച്ചിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വ നിർമ്മാർജനം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നിതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ ദേശീയ ശരാശരിയെക്കാൾ എട്ടു പോയിന്റ് അധികമാണ് കേരളത്തിന്റെ സ്കോർ. 2018ൽ സുസ്ഥിര വികസന സൂചിക ആരംഭിച്ചപ്പോൾ മുതൽ കേരളം ഒന്നാമതുണ്ട്.

കുറഞ്ഞ പ്രതിശീര്‍ഷ വരുമാനത്തില്‍ നിന്നുകൊണ്ടാണ് കേരളം മരണനിരക്ക് കുറയ്ക്കുക, ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുക, സൗജന്യ ചികിത്സ ഉറപ്പാക്കുക തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. പകര്‍ച്ചവ്യാധികളുടെ നിയന്ത്രണം, ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണം, കാര്യക്ഷമമായ ആരോഗ്യപരിപാലന സംവിധാനങ്ങള്‍, പ്രാഥമിക ചികിത്സാസ്ഥാപനങ്ങളുടെ എണ്ണവും നിലവാരവും വര്‍ധിപ്പിക്കല്‍ എന്നിവയിലും ഏറെ മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. ആരോഗ്യരംഗത്തെ ദേശീയ പദ്ധതികള്‍ നടപ്പാക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. കഴിഞ്ഞവർഷം മാത്രം 1,658 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി സംസ്ഥാനം ചെലവഴിച്ചത്. ആർദ്രം മിഷനിലൂടെ മുഴുവൻ താലൂക്ക് ആശുപത്രികളെയും സ്പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഏഴര വർഷം മുമ്പ് മെഡിക്കൽ കോളജിൽ മാത്രം ലഭ്യമായിരുന്ന ഹൃദയ, കരൾ, വൃക്ക ചികിത്സകൾ ഇപ്പോൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാണ്‌. സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവാകുന്ന ചികിത്സയാണ് സർക്കാർ ആശുപത്രികളിൽ സൗജന്യമായോ മിതമായ നിരക്കിലോ നൽകുന്നതെന്നതും ശ്രദ്ധേയ നേട്ടങ്ങളാകുന്നു. സംസ്ഥാനത്ത് ആകെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍ക്യുഎഎസ് സര്‍ട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭ്യമായിട്ടുണ്ട്.

നടക്കുന്നത് വലിയ വികസന പ്രവര്‍ത്തനങ്ങള്‍: ആരോഗ്യ മന്ത്രി

കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗ പ്രതിരോധത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. മെഡിക്കല്‍ കോളജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Exit mobile version