ബിജെപി — ആർഎസ്എസ് ഭരണത്തിൻ കീഴിൽ ഇന്ത്യയുടെ ജനാധിപത്യ, മതേതര, ഫെഡറൽ സ്വഭാവത്തിനുനേരെ ഉയരുന്ന ഗുരുതരമായ ഭീഷണികൾ തിരിച്ചറിഞ്ഞ് അതിനെതിരായ പ്രതിരോധ പാത രൂപപ്പെടുത്തുമെന്ന് സിപിഐ കരട് രാഷ്ട്രീയ പ്രമേയം. പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലെ വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡി രാജ കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കരട് രാഷ്ട്രീയ പ്രമേയം പൂര്‍ത്തിയാക്കിയത്.
പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന, ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള വേളയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതെന്ന് ഡി രാജ അറിയിച്ചു. ആഗോള — ദേശീയതലത്തില്‍ വന്‍ രാഷ്ട്രീയ പരിവർത്തനങ്ങള്‍ നടക്കുന്നു. ആഭ്യന്തര — ആഗോള തലത്തിലെ ഭരണ രാഷ്ട്രീയ സാമ്പത്തിക വെല്ലുവിളികളും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളും രാഷ്ട്രീയ പ്രമേയത്തില്‍ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ചണ്ഡീഗഢില്‍ സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചേരുന്ന 25-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് പ്രമേയത്തിന് അംഗീകാരം നല്‍കേണ്ടത്. ഇതിനുമുമ്പ് വിവിധ തലങ്ങളില്‍ പ്രമേയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെയും ലോകത്തെയും ബാധിച്ചിരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ പുഴുക്കുത്തുകള്‍ക്കെതിരെ യോജിച്ച നീക്കമാകും ഇനിയുണ്ടാകുക. മൂലധന ശക്തികള്‍ ആഗോള തലത്തില്‍ വന്‍പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ചെറുത്തുനില്പ് വര്‍ധിച്ചിട്ടുണ്ട്. അമേരിക്കന്‍ മേധാവിത്വം സൃഷ്ടിക്കുന്ന വെല്ലുവിളികളും ഉയര്‍ന്നുവരികയാണ്. 2024ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റക്കക്ഷിയായി ഭരണത്തില്‍ എത്താന്‍ കഴിയുന്ന സാഹചര്യം ഇല്ലാതിരുന്നിട്ടും അവര്‍ അധികാരത്തിലെത്തി. വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് അവര്‍ അധികാരത്തിലെത്തിയത്. ദൗര്‍ബല്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യാ സഖ്യത്തിന് തെരഞ്ഞെടുപ്പ് പ്രതിരോധം സാധ്യമാണെന്ന് തെളിയിക്കാനായി. പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിലും ജനങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കുന്നതിലും സിപിഐ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏകോപനത്തിന്റെയും പ്രത്യയശാസ്ത്ര വ്യക്തതയുടെയും ഫലപ്രദമായ സീറ്റ് വിഭജനത്തിന്റെയും അഭാവം ഇന്ത്യ സഖ്യത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി.
ബിജെപി ഭരണത്തിൻ കീഴില്‍ സമ്പദ്‌വ്യവസ്ഥ കൂടുതൽ അസമത്വം നിറഞ്ഞതും ചൂഷണാത്മകവുമായി. തൊഴിലില്ലായ്മ, കാർഷിക ദുരിതം, തൊഴിലാളികളുടെ അനൗപചാരികവൽക്കരണം, പൊതു സേവനങ്ങൾ ദുർബലപ്പെടുത്തൽ, ക്ഷേമ പരിപാടികൾക്കെതിരായ ആക്രമണം എന്നിവ ജനജീവിതത്തെ കൂടുതൽ വഷളാക്കി. ഇന്ത്യൻ രാഷ്ട്രത്തിന്റെ ഘടന മാറ്റുന്നതിനുള്ള അജണ്ടയാണ് ആർഎസ്എസ് — ബിജെപി പിന്തുടരുന്നത്. നിലവിലെ ഭരണകൂടം ഇന്ത്യയുടെ വൈവിധ്യത്തിൽ ഏകത്വത്തിനും മതേതര — ജനാധിപത്യ സ്വഭാവത്തിനും ഒരു അസ്തിത്വ ഭീഷണിയാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടമാണ് ആവശ്യം. ഇതിനുള്ള ശക്തമായ നീക്കങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും നടത്തണമെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ നിര്‍ദേശിക്കുന്നതായി ഡി രാജ പറഞ്ഞു.
സിപിഐയുടെ ഭാവി കടമകൾ വ്യക്തതയോടെയും പ്രതിബദ്ധതയോടെയും കരട് പ്രമേയത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അസീസ് പാഷ, പല്ലബ് സെന്‍ ഗുപ്ത, ബാലചന്ദ്ര കാംഗോ, ആനി രാജ , ഗിരീഷ് ചന്ദ്ര ശര്‍മ്മ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

