പ്രവർത്തന കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് ഡൽഹിയിൽ ഇന്ന് മുതൽ ഇന്ധനം ലഭിക്കില്ല. വായുമലിനീകരണം നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നടപടി. സർക്കാർ നിർദേശപ്രകാരം 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കുമാണ് ഇന്ന് മുതൽ ഇന്ധനം നിരോധിച്ചത്.
ഇത് ഏകദേശം 62 ലക്ഷത്തോളം വാഹനങ്ങളെയാകും ബാധിക്കുക. കൂടാതെ ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ 27.5 ലക്ഷം വാഹനങ്ങളെയും ഉത്തർപ്രദേശിലെ 12.69 ലക്ഷവും രാജസ്ഥാനിലെ 6.2 ലക്ഷവും വാഹനങ്ങളെ നിലവിലെ നിയമം ബാധിക്കും. കാലാവധി കഴിഞ്ഞ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തടയാനായി ഡൽഹി പൊലീസ്, ട്രാഫിക് പൊലീസ്, ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ഗതാഗത വകുപ്പ് പരിശോധനാ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ 500-ഓളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനായി നിയോഗിച്ചിട്ടുണ്ട്. ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ പമ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കും.
498 ഇന്ധന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ വഴി കാലപ്പഴക്കം ചെന്ന വാഹനങ്ങളെ തിരിച്ചറിയും. വാഹന്‍ സോഫ്റ്റ്വെയറിലെ ഡാറ്റാബേസുമായി ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുണ്ട്. പമ്പുകളില്‍ ക്രമസമാധന പ്രശ്നമുണ്ടാകുന്നത് നിയന്ത്രിക്കാനും പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്.

