ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് കൂടുതൽ താരങ്ങൾ പരാതിയുമായി എത്തിയപ്പോൾ എഎംഎംഎയിൽ ഭിന്നത രൂക്ഷം. ജോയിന്റ് സെക്രട്ടറി ബാബുരാജിനെതിരെ സംഘടനയിൽ പടയൊരുക്കവും ശക്തമാണ് . ഇതോടെ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിൽ അനിശ്ചിതത്വം തുടരുന്നു . ആരോപണ വിധേയനായ ബാബുരാജിനെ മാറ്റണമെന്ന ആവശ്യം വനിതാ അംഗങ്ങൾ ഉൾപ്പടെ ഉയർത്തുന്നുണ്ട് . ലൈംഗിക ആരോപണങ്ങളിൽപെട്ട ഭാരവാഹികൾക്കെതിരെ വിശദീകരണം ചോദിക്കണമെന്ന ആവശ്യവും വനിതാ അംഗങ്ങൾ ഉൾപ്പടെ ഉയർത്തുന്നുണ്ട് . ബാബുരാജ് ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ ആവശ്യപ്പെട്ടു .
ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടീവ് യോഗം ചേർന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന ഭയം സിദ്ദിക്ക് വിഭാഗത്തിനുണ്ട് . വൈസ് പ്രസിഡന്റ് ജഗദീഷിനെ ആക്ടിങ് ജനറൽ സെക്രട്ടറി ആക്കണമെന്നും സിദ്ദിഖിനെ പോലെ തന്നെ ആരോപണ വിധേയനായ ബാബുരാജ് സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നും എതിർ വിഭാഗം ആവശ്യപ്പെടുന്നുണ്ട് .