Site icon Janayugom Online

അഗ്നിപഥ് പ്രക്ഷോഭം ശക്തമാകുന്നു; ബിഹാറിൽ ഒരു മരണം..സംസ്ഥാനത്ത് ഇന്ന് ബന്ദ് ഹരിയാണയിൽ നിരോധനാജ്ഞ

അഗ്നിപഥിനെതിരായ പ്രക്ഷോഭം രാജ്യത്ത് കൂടുതൽ ശകത്മാകുന്നു. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പ്രതിഷേധങ്ങൾ കനക്കുന്നത്. ഇവിടങ്ങളിൽ പ്രതിഷേധക്കാർ വ്യാപകമായി ട്രെയിനുകൾക്ക് തീയിട്ടു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ 200 ഓളം ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭം ആരംഭിച്ച ബിഹാറിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ബിഹാറിൽ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് മരിച്ചത്. പുകശ്വസിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. സംസ്ഥാനത്ത് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിലെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

ഞായറാഴ്ച വരെ വിലക്ക് തുടരും. ഇന്ന് സംസ്ഥാനത്ത് ആർജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോങ്ങളായിരുന്നു ബിഹാറിൽ അരങ്ങേറിയത്. പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രി രേണു ദേവിക്കും ബിജെപി സംസ്ഥാന അധ്യക്ഷനും ചമ്പാരൻ എംപിയുമായ സഞ്ജയ് ജയ്സവാളിന് നേരേയും അക്രമം ഉണ്ടായി. ബിഹാറിലെ അറയിലെ ബിഹിയ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ നിന്ന് വെള്ളിയാഴ്ച 3 ലക്ഷം രൂപയുടെ പണം കൊള്ളയടിക്കപ്പെട്ടു. സംസ്ഥാനത്ത് പ്രതിഷേധത്തിൽ പങ്കെടുത്ത 320 ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 60 ഓളം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ രംഗത്തെത്തി.മോഡി സർക്കാർ ‘അഗ്നിപഥ്’ പദ്ധതി അവലോകനം ചെയ്യണമെന്നും സായുധ സേനയിലെ പുതിയ റിക്രൂട്ട്‌മെന്റ് നയം തങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഉറപ്പ് നൽകണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു.

ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി രാജ്യത്തെ യുവാക്കളുടെ താൽപ്പര്യങ്ങൾക്ക് എതിരാണെന്ന് സംസ്ഥാന ആർജെഡി മേധാവി ജഗദാനന്ദ് സിംഗ് പറഞ്ഞു.അഗ്നിപഥ് റിക്രൂട്ട്‌മെന്റിനെതിരെ പ്രതിഷേധിച്ച് തെരുവിൽ സമരം ചെയ്യുന്നവരെ ഞങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പാർട്ടി അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും എന്നാൽ യുവാക്കളുടെ താൽപര്യം കണക്കിലെടുത്ത് ബീഹാർ ബന്ദിന് പിന്തുണ നൽകുമെന്നും ജിതൻ റാം മാഞ്ചി പറഞ്ഞു. പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർക്കൊപ്പം ശനിയാഴ്ച ഗവർണർ ഫാഗു ചൗഹാനെ കണ്ട് നിവേദനം നൽകുമെന്ന് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രസിഡന്റ് ചിരാഗ് പാസ്വാൻ പറഞ്ഞു. അഗ്നിപഥ് പദ്ധതി രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിപ്പിക്കുമെന്നും പദ്ധതി യുവാക്കൾക്കിടയിൽ അതൃപ്തി പടർത്തുമെന്നും ചിരാഗ് പസ്വാൻ പറഞ്ഞു. അതേസമയം പ്രക്ഷോഭം തുടരുന്ന ഹരിയാനയിലും ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തി.

ഇവിടെ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ തുടരുകയാണ്. ദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബികെയു നേതാവ് ഗുർണാം സിംഗ് ചതുണിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം തുടങ്ങി.സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഉത്തർപ്രദേശിലെ ബല്ലിയയിലെ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിന് തീയിട്ടു. സ്റ്റേഷന് നേരേയും അക്രമം നടന്നു. വാരണാസി, ഫിറോസാബാദ്, അമേഠി എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാർ സർക്കാർ ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. പൊതുസ്വത്തുക്കളും നശിപ്പിച്ചു. അലിഗഡിൽ ബിജെപി പ്രാദേശിക നേതാവിന്റെ കാർ കത്തിച്ചു. അതേസമയം പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. വെള്ളിയാഴ്ച തെലങ്കാനയിലെ സെക്കന്ദരബാദില്‍ യുവാക്കൾ പ്രതുഷേധിച്ചു.

പ്രക്ഷോഭകർക്ക് നേരെ ഉണ്ടായ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അതേസമയം പ്രതിഷേധങ്ങൾക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ആവർത്തിക്കുകയാണ് കേന്ദ്രസർക്കാർ. രണ്ട്‌ ദിവസത്തിനകം അഗ്‌നിപഥ്‌ റിക്രൂട്ട്‌മെന്റിന് വിജ്ഞാപനം ഇറക്കുമെന്ന്‌ കരസേനാ മേധാവി അറിയിച്ചു. ഡിസംബറോടെ പരിശീലനം തുടങ്ങും. 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്നും പറഞ്ഞു. ജൂൺ 24 മുതൽ വ്യോമസേനയിൽ റിക്രൂട്ട്‌മെന്റ്‌ നടപടി തുടങ്ങുമെന്ന്‌ എയർചീഫ്‌ മാർഷൽ വി ആർ ചൗധരി അറിയിച്ചു. സാഹചര്യം തണുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതിയിലെ അംഗമാകാനുള്ള ഉയര്‍ന്ന പ്രായപരിധി 21‑ല്‍നിന്ന് 23 ആക്കി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ്. 

Eng­lish Summary:Agneepath agi­ta­tion inten­si­fies; One death in Bihar.Bandh ban in Haryana today

you may also like this video : 

Exit mobile version