Site iconSite icon Janayugom Online

അഗ്നിവീര്‍ പദ്ധതി മറ്റൊരു യുവജന വഞ്ചന

റുമാസങ്ങള്‍ക്ക് മുമ്പാണ് വന്‍ പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തിയ അഗ്നിവീര്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സൈനിക സേവന രംഗത്ത് വളരെയധികം പിന്തിരിപ്പനും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണ് പദ്ധതിയെന്നതിനാല്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ കടുംപിടിത്തത്തോടെ താല്കാലിക സൈനിക സേവന പദ്ധതിയെന്ന് വിശേഷിപ്പിക്കാവുന്ന അഗ്നിവീറുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഭീഷണിയും കേസുകളുമായാണ് പ്രതിഷേധത്തെ അടിച്ചമര്‍ത്തിയത്. തൊഴിലില്ലായ്മ വലിയൊരു സാമൂഹ്യ പ്രശ്നമായി നില്ക്കുന്ന രാജ്യമെന്ന നിലയില്‍ അതിനുള്ള ചെറിയൊരു ആശ്വാസം കൂടിയായിരുന്നു സൈനിക സേവനം. ഹ്രസ്വകാല സേവനമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പത്തുവർഷത്തേക്കാണ് നിയമനം നല്കിയിരുന്നത്. ഇത് 14 വര്‍ഷം വരെ നീട്ടി നല്കുന്ന സ്ഥിതിയുമുണ്ട്. ഹ്രസ്വമായ കാലയളവിലെ സേവനത്തിനു ശേഷം പെൻഷൻ, പുനര്‍ നിയമനത്തിനുള്ള സംവരണം, ചികിത്സാ സൗകര്യങ്ങൾ, തൊഴില്‍ സംരംഭങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വിരമിക്കുന്ന സൈനികര്‍ അർഹരുമായിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നല്കിയ മറുപടി അനുസരിച്ച് പ്രതിരോധ വകുപ്പില്‍ 2,64,704 ഒഴിവുകള്‍ നിലവിലുണ്ട്. ഈ തസ്തികകളിലേയ്ക്കുള്ള നിയമനം, അവര്‍ക്കുള്ള സേവന‑വേതന‑വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എന്നിവ താങ്ങാവുന്നതിലപ്പുറമാണ് എന്ന് പറഞ്ഞാണ് അഗ്നിവീര്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.


ഇതുകൂടി വായിക്കു; അഗ്നിവീറും സൈനികരും തുല്യരല്ല


നാലുവര്‍ഷത്തേയ്ക്ക് കരാ‍ര്‍ അടിസ്ഥാനത്തിലുള്ള സൈനിക സേവനമെന്നാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്കു നല്കിയ നിര്‍വചനം. യുവാക്കളെ തുച്ഛമായ ആനുകൂല്യങ്ങളില്‍ നിയമിച്ച് സേനയ്ക്ക് യുവത്വം നല്കാമെന്നാണ് സേനാമേധാവികള്‍ നടത്തിയ പ്രഖ്യാപനം. യുവത്വമെന്നൊക്കെയുള്ളത് ആലങ്കാരിക പ്രയോഗമാണെന്നും യഥാര്‍ത്ഥ ലക്ഷ്യം നിലവിലുള്ള വ്യവസ്ഥയില്‍ സൈനിക സേവനം നടത്തുന്നവരെ നിയോഗിച്ചാലുണ്ടാകുന്ന ചെലവു ചുരുക്കുക എന്നതാണെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. അതേസമയം മറ്റുപല ചെലവുകളും വര്‍ധിപ്പിക്കുന്നതിന്റെ കണക്കുകള്‍ പുറത്തുവരികയും ചെയ്യുന്നു. ആറ് മാസത്തെ പരിശീലനത്തിന് ശേഷം നാലുവര്‍ഷ നിയമനം ലഭിക്കുന്നവര്‍ക്ക് 30,000 മുതല്‍ 40,000 രൂപ വരെയായിരിക്കും ശമ്പളം. പ്രത്യേക അലവന്‍സുകളുമുണ്ടാകും. ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നാലുവര്‍ഷം കഴിഞ്ഞാല്‍ ഇവരില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനകം അഗ്നിവീര്‍ തെര‍ഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം അഗ്നിവീര്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ നേരത്തെ വ്യക്തമാക്കിയതില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങളാണ് കേന്ദ്രം കോടതിക്കു മുമ്പാകെ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഏറ്റവും താഴ്ന്ന റാങ്കിലുള്ള സെെനികര്‍ക്കും കീഴിലായിരിക്കും അഗ്നിവീര്‍ നിയമനമെന്നാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. നാലുവര്‍ഷത്തെ സേവനം സൈനിക സേവനമായി കണക്കാക്കാനാകില്ലെന്നും കേന്ദ്രം പറഞ്ഞിരിക്കുന്നു. കൂടാതെ അഗ്നിവീര്‍ പദ്ധതി പ്രകാരം നിയമിക്കപ്പെടുന്നവരിലെ 25 ശതമാനത്തെ സൈന്യത്തില്‍ നിലനിര്‍ത്തുമെന്ന പ്രഖ്യാപനത്തില്‍ നിന്നും മലക്കം മറിയുകയും ചെയ്തിരിക്കുന്നു. നാല് വർഷം പൂർത്തിയാക്കിയ ശേഷം സേനയിൽ ചേർന്നാൽ അത് പുതിയ റിക്രൂട്ട്മെന്റായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ 25 ശതമാനത്തെ നിലനിര്‍ത്തുമെന്ന് പറ‍ഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കു;ബിജെപിയുടെ സിവില്‍ കോഡോ, പ്രിയങ്കയുടെ അഗ്നിവീറോ 


അഗ്നിവീറുകളോടുള്ള വിവേചനത്തിന് കാരണമെന്താണെന്ന് ചോദിച്ച കോടതി, വേതന വ്യത്യാസം വിവേചനമാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഉത്തരവാദിത്തങ്ങൾ ഒന്നല്ലെന്നും അഗ്നിവീര്‍ സിപോയ്‌മാരെക്കാള്‍ താഴെയാണെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. അതുപോലെ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ച ഘട്ടത്തില്‍ ഉയര്‍ന്ന ചില ചോദ്യങ്ങള്‍ കോടതി ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. സേനയില്‍ നിന്നും പുറത്താക്കപ്പെടുന്ന 75 ശതമാനം യുവാക്കളെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ എന്താണെന്നായിരുന്നു ചോദ്യം. നാല് വർഷത്തിന് ശേഷം ഇവര്‍ ആയുധപരിശീലനം ലഭിച്ചവരും തൊഴില്‍രഹിതരുമായി മാറുമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. വിവിധ മേഖലകളില്‍ ഇവർക്ക് സംവരണം നൽകാൻ പദ്ധതിയുണ്ടെന്നായിരുന്നു അതിനുള്ള മറുപടി. പ്രഖ്യാപിച്ച് ആറുമാസമായിട്ടും അത്തരമൊരു പദ്ധതി ആവിഷ്കരിക്കുക പോലും ചെയ്തിട്ടില്ലെന്നര്‍ത്ഥം. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നല്കിയ മറുപടി അനുസരിച്ച് രാജ്യത്ത് പത്തു ലക്ഷത്തിലധികം ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. എന്നിട്ടും പ്രതിരോധ സേനയില്‍ താല്ക്കാലിക നിയമനവും അതുതന്നെ വ്യക്തമായ ആസൂത്രണമില്ലാതെയും നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ തൊഴില്‍രഹിത യുവാക്കളെ വഞ്ചിക്കുന്നതാണ് അഗ്നിവീര്‍ പദ്ധതിയെന്ന ആദ്യനാളുകളിലെ ആരോപണം വസ്തുതയാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു.

Exit mobile version