നമ്മുടെ കാർഷിക സമ്പദ്ഘടനയുടെ നിലവിലെ അവസ്ഥയെ സംബന്ധിച്ച്, ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ഉയർന്ന ശ്രദ്ധേയമായ ഒരു ചോദ്യത്തിന്, കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ എഴുതിനൽകിയ മറുപടി ഏവരെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തിന്റെ വളർച്ചാ സൂചകമായ സാമ്പത്തിക മൂല്യത്തിൽ (ജിവിഎ), കാർഷികമേഖലയുടെ പങ്ക് 1990 മുതൽ ക്രമമായി കുറയുന്നുവെന്നും 2022–23ല്‍ അത് വെറും 15 ശതമാനത്തിൽ എത്തിനിൽക്കുന്നുവെന്നും കേന്ദ്രമന്ത്രി സമ്മതിക്കുന്നു. 1990–91ല്‍ 35 ശതമാനമായിരുന്ന വിഹിതം, 2000–01ൽ 26 ശതമാനമായും 2010–11ൽ 18 ശതമാനമായും കുറഞ്ഞിരുന്നു. കാർഷികമേഖലയിൽ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ വിശദമായ കുറിപ്പും കൃഷിമന്ത്രാലയം നൽകിയിട്ടുണ്ട്. ഭക്ഷ്യധാന്യ ഉല്പാദനത്തിൽ മുന്നേറ്റം കൈവരിച്ചുവെങ്കിലും മുൻകാലങ്ങളിലെപ്പോലെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് സംഭാവന ചെയ്യുവാൻ കാർഷികമേഖലയ്ക്ക് കഴിയാത്തത് അപകടകരമായ സ്ഥിതിവിശേഷമായാണ് സാമ്പത്തിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. ‘വികസിത് ഭാരത് 2047’ലേക്കുള്ള അമൃതകാല യാത്രയിൽ കാർഷിക മേഖല എവിടെ നിൽക്കുന്നുവെന്നതിന്റെ യഥാർത്ഥ ചിത്രം കൂടിയാണ് ഈ കണക്കുകളില്‍ വ്യക്തമാകുന്നത്.
എന്നാൽ കാർഷികവളർച്ചയിലെ പിന്നാക്കാവസ്ഥ, വ്യാവസായിക സേവന മേഖലകളിലെ വളർച്ചയുടെ തെളിവായാണ് കേന്ദ്രസർക്കാർ എടുത്തു കാട്ടുന്നത്. കൃഷി, കൃഷിയനുബന്ധ മേഖലകളിൽ പ്രതിവർഷം നാല് ശതമാനത്തിന്റെ വളർച്ച രാജ്യം കെെവരിച്ചിട്ടുണ്ടെന്നും ഈ കാലഘട്ടത്തിൽ ആഗോളതലത്തിൽ കാർഷിക സമ്പദ്ഘടനയുടെ ശരാശരി വിഹിതം, മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) നാല് ശതമാനം മാത്രമാണെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ അടിസ്ഥാന മൂല്യങ്ങളെയും വസ്തുതകളെയും തള്ളിപ്പറയലാണ് ഇതെന്നു പറയാതെ വയ്യ. രാജ്യത്തിന്റെ വികസന മുന്നേറ്റത്തിൽ നമ്മുടെ കർഷകർ നൽകിയ മഹത്തായ സംഭാവനകളുടെ തിരസ്കാരം കൂടിയാണിത്. 1950–51ല്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ കാർഷികമേഖലയുടെ പങ്ക് 51.9 ശതമാനമായിരുന്നു. നാടിന്റെ പട്ടിണിയകറ്റി, ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും തൊഴിലും ജീവിതമാർഗവും പ്രദാനം ചെയ്ത്, സമ്പദ്ഘടനയുടെ എല്ലാ മേഖലകളുടെയും വളർച്ചയ്ക്കാവശ്യമായ അടിസ്ഥാന വിഭവങ്ങള്‍ നൽകി, രാജ്യത്തിന് കരുത്തായി മാറിയിരുന്നു കാർഷികമേഖല. ഗ്രാമമേഖലയിലെ 70 ശതമാനം കുടുംബങ്ങളും തങ്ങളുടെ ജീവസന്ധാരണത്തിന് ഇന്നും ആശ്രയിക്കുന്നത് കൃഷി മാത്രമാണ്. രാജ്യത്തെ 85 ശതമാനം കർഷകരും നാമമാത്ര ചെറുകിട കർഷകരാണെന്നതും പ്രധാനമാണ്. ഭക്ഷ്യസ്വയംപര്യാപ്തത നേടി എന്ന് നാം അഭിമാനിക്കുമ്പോഴും ഇന്ന് ലോകത്ത് ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരിൽ 25 ശതമാനവും ഇന്ത്യയിലാണ്. ആഗോള വിശപ്പുസൂചികയുടെ ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ സ്ഥാനം 125 രാജ്യങ്ങളിൽ 111-ാമതാണ്. ഒരു പക്ഷെ കേന്ദ്രസർക്കാരിന്റെ ഏറ്റവും മുൻഗണനാ വിഭാഗത്തിൽ വരേണ്ടിയിരുന്ന കാർഷികമേഖലയിൽ; അതിന്റെ മൊത്തം ബജറ്റ് വിഹിതത്തിലും, അഭിമാന പദ്ധതികളായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ വിഹിതത്തിലും കാര്യമായ കുറവാണ് എല്ലാ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇതുകൂടി വായിക്കൂ:കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് പെരുകുന്നു
2022–23 വർഷം, കാർഷികമേഖലയുടെ മൊത്തം ബജറ്റ് വിഹിതം 1.33 ലക്ഷം കോടിയായിരുന്നത് ഈ വർഷം 1.25 ലക്ഷം കോടിയായി കുറയുകയാണ് ചെയ്തത്. ഏതാണ്ട് 8000 കോടിയിലധികം രൂപയുടെ കുറവാണ് (ഏഴ് ശതമാനം) ഈ വർഷം ഉണ്ടായിട്ടുള്ളത്. 2022–23ൽ ബജറ്റ് വിഹിതം പിന്നീട് പുതുക്കി നിശ്ചയിക്കുകയും പല ഇനങ്ങളിലും ഗണ്യമായ വെട്ടിക്കുറവ് വരുത്തുകയും ചെയ്തിരുന്നു. ഇങ്ങനെ പുതുക്കിനിശ്ചയിച്ച വിഹിതത്തിൽ നിന്നും നടപ്പുസാമ്പത്തികവർഷ ബജറ്റിൽ 4.7 ശതമാനത്തിന്റെ വർധന ഉണ്ടായിട്ടുണ്ടെന്ന വാദമാണ് ബജറ്റ് അവതരണ വേളയിൽ കേട്ടത്. ഈ വർഷത്തെ പുതുക്കിയ ബജറ്റ് വിഹിതത്തിന്റെ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ഈ വാദത്തിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകും. മൊത്തം കേന്ദ്രബജറ്റിന്റെ 2.8 ശതമാനം തുക മാത്രമാണ് കൃഷി മന്ത്രാലയത്തിന് ഈ വർഷം വകയിരുത്തിയിട്ടുള്ളത്. 2022–23ല്‍ ഇത് 3.36 ശതമാനവും 2021–22ല്‍ 3.78 ശതമാനവും ആയിരുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന കാർഷികമേഖലയ്ക്ക് അർഹമായ സാമ്പത്തിക വിഹിതം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് കൃഷി പാർലമെന്ററി സമിതി കഴിഞ്ഞ വർഷം വിലയിരുത്തിയിരുന്നു. വർഷം കഴിയുന്തോറും, കാർഷികമേഖലയിലെ നിക്ഷേപത്തിൽ നിന്നും സർക്കാർ പിന്നാക്കം പോകുകയാണ്. 2022–23ലെ പുതുക്കിയ ബജറ്റ് കണക്കുകൾ പ്രകാരം, സബ്സിഡിക്ക് അനുവദിച്ചിരുന്നത് 2,87,194 കോടിയായിരുന്നു. 2023–24 ബജറ്റിൽ ഇത് 1,97,350 കോടിയായി വെട്ടിക്കുറച്ചു. 89,844 കോടിയുടെ കുറവാണ് (31 ശതമാനം) ഇതുവഴി ഉണ്ടായത്. രാസവളം സബ്സിഡിക്കുള്ള ബജറ്റിലും ഈ വർഷം 50,121 കോടിയുടെ കുറവുണ്ടായി. 2022–23ലെ പുതുക്കിയ ബജറ്റ് പ്രകാരം, 2,25,220 കോടിയായിരുന്ന വിഹിതം 2023–24ൽ 1,75,099 കോടിയായി കുറഞ്ഞു. അതുപോലെ, പഴം-പച്ചക്കറി ഉൾപ്പെടെയുള്ള കാർഷിക വിഭവങ്ങൾക്കുവേണ്ടിയുള്ള വിപണി ഇടപെടൽ പദ്ധതി അക്ഷരാർത്ഥത്തിൽ ഇല്ലാതായി. മുൻവർഷം 1500 കോടി രൂപ ഇതിനായി നീക്കിവച്ചിരുന്നു. എന്നാൽ ഒരു ലക്ഷം രൂപയുടെ ടോക്കൺ വിഹിതം ഉൾപ്പെടുത്തി പദ്ധതിയുടെ പേര് നിലനിർത്തിയിരിക്കുക മാത്രമാണ് ഈ വർഷം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും കൊണ്ടുള്ള വിളനാശത്തിനെതിരെ ജാഗ്രത വേണമെന്ന് 2022–23 സാമ്പത്തിക സർവേ റിപ്പോർട്ട് നിർദേശിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി ഫസല്‍ ബീമ യോജന വിള ഇൻഷുറൻസ് പദ്ധതി വിഹിതവും 15,500 കോടിയിൽ നിന്നും 13,625 കോടിയായി കുറയുകയാണ് ചെയ്തത്. കൃഷിമന്ത്രാലയത്തിന്റെ മൊത്തം വിഹിതത്തിൽ 17 ശതമാനവും പിഎം കിസാൻ എന്ന ഒറ്റ പദ്ധതിക്കായാണ് നീക്കിവച്ചിരിക്കുന്നത്. എന്നാൽ, 2023–24ലെ വിഹിതമായ 60,000 കോടി, 2021–22 വർഷം ഈയിനത്തിൽ ചെലവഴിച്ച തുകയെക്കാൾ 800 കോടി കുറവാണ്. പ്രതിവർഷം 6,000 രൂപയുടെ സഹായം എന്നത് 8,000 രൂപയായെങ്കിലും വർധിപ്പിക്കുമെന്ന കർഷക പ്രതീക്ഷ ഇപ്രാവശ്യവും അസ്ഥാനത്തായി. നാടിനെ അന്നമൂട്ടുന്ന കർഷകരുടെ പ്രതിമാസ വരുമാനത്തിൽ 500 രൂപയുടെ വർധനവ് സാധ്യമാക്കുന്നതും നമ്മുടെ കാർഷിക മേഖലയിലെ ഏറ്റവും വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെടുന്നതുമായ പദ്ധതിയുടെ അവസ്ഥയാണിത്.
കർഷകരുടെ വരുമാനം അഞ്ചു വർഷം കൊണ്ട് ഇരട്ടിപ്പിക്കുമെന്നായിരുന്നു 2016–17ലെ ബജറ്റിലൂടെ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ പ്രഖ്യാപനം. നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിലാണ് കർഷകരുടെ പ്രതിമാസ വരുമാനം കണക്കുകൂട്ടുന്നത്. 2015–16 വർഷത്തിൽ, കർഷക കുടുംബങ്ങളുടെ ശരാശരി പ്രതിമാസ വരുമാനമായി കണക്കാക്കിയിട്ടുള്ളത് 8,059 രൂപയായിരുന്നു. കുടുംബ വരുമാനത്തിന്റെ യഥാർത്ഥ മൂല്യം ഇരട്ടിയാകുവാൻ 2022ല്‍ ഇത് 21,146രൂപയായി ഉയരേണ്ടിയിരുന്നു. എന്നാൽ, 2022 വർഷത്തെ പ്രതിമാസ കുടുംബ വരുമാനമായി കണക്കാക്കപ്പെട്ടിരിക്കുന്നത് 12,445 രൂപ മാത്രമാണ്. യഥാർത്ഥത്തിൽ, വിലക്കയറ്റവും പണപ്പെരുപ്പവും വഴി കർഷകരുടെ വരുമാനത്തിൽ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് ഇരട്ടി വരുമാന വർധനവ് എന്ന ലക്ഷ്യം നേടാൻ പ്രതിവർഷം കുറഞ്ഞത് 10 ശതമാനം വളർച്ചയെങ്കിലും കാർഷികമേഖല കൈവരിക്കണമായിരുന്നു. അവിടെയാണ്, പ്രതിവർഷം നാല് ശതമാനത്തിന്റെ പ്രഖ്യാപിത വളർച്ചാനിരക്കുപോലും നാം ആഘോഷമാക്കുന്നത്. കഴിഞ്ഞ രണ്ടു വർഷ മായി ഇരട്ടി വരുമാന വർധനവ് പ്രഖ്യാപനത്തെപ്പറ്റി ആർക്കും മിണ്ടാട്ടമില്ല. പകരം, കർഷകർക്കുള്ള വായ്പാ സഹായം വൻതോതിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് ഇപ്പോൾ ഘോഷിക്കപ്പെടുന്നത്. ധനകാര്യ സ്ഥാപനങ്ങളിലൂടെയുള്ള വായ്പയും വായ്പാ സബ്സിഡിയും കർഷകർക്ക് അനിവാര്യം തന്നെയാണ്. എന്നാൽ, ഉല്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ലെങ്കിൽ, വായ്പയെടുത്ത് കൃഷി ചെയ്യുന്ന കർഷകർ കടക്കെണിയിലേക്ക് നീങ്ങും. വായ്പയിലല്ല, കർഷകർക്കുള്ള വരുമാനത്തിലാണ് വർധനവ് ഉണ്ടാകേണ്ടതെന്ന അടിസ്ഥാനതത്വമാണ് ഇവിടെ വിസ്മരിക്കപ്പെടുന്നത്. രാജ്യത്തെ മുഴുവൻ കർഷകർക്കും, ഉല്പാദനച്ചെലവ് കണക്കാക്കിയുള്ള താങ്ങുവില വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കുന്നത് പരിഗണിക്കുമെന്ന് ഉറപ്പുനൽകി, നീണ്ടുനിന്ന കർഷകപോരാട്ടം അവസാനിപ്പിച്ച സർക്കാർ, തുടർച്ചയായ രണ്ടാമത്തെ ബജറ്റിലും അക്കാര്യം പൂർണമായും അവഗണിക്കുകയാണ് ചെയ്തത്. രാജ്യത്തെ കർഷകരിൽ വെറും ആറ് ശതമാനത്തിനു മാത്രമാണ് താങ്ങുവില സംഭരണത്തിന്റെ പ്രയോജനം ഇപ്പോൾ ലഭ്യമാകുന്നത്. വില നിശ്ചയിക്കുന്നതിന് പിന്തുടരുന്ന മാനദണ്ഡങ്ങൾ അശാസ്ത്രീയവും കർഷകവിരുദ്ധവുമാണ്. ഉല്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ താങ്ങുവില നിശ്ചയിക്കുമ്പോൾ കൃഷിഭൂമിയുടെ വിലയോ പാട്ടത്തുകയോ പരിഗണിക്കപ്പെടുന്നില്ല. ഇത് കൂട്ടിച്ചേർത്തുള്ള ഉല്പാദനച്ചെലവും ഒപ്പം 50ശതമാനം തുക അധികമായി വകയിരുത്തിയും താങ്ങുവില നിശ്ചയിക്കണമെന്നാണ് എം എസ് സ്വാമിനാഥൻ അധ്യക്ഷനായിരുന്ന ദേശീയ കാർഷിക കമ്മിഷൻ 2006ൽ ശുപാർശ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കാർഷികമേഖല തന്നെയാണ് ഇന്നും നമ്മുടെ സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതവൃത്തി ഇന്നും കൃഷി തന്നെയാണ്.
ഇതുകൂടി വായിക്കൂ:പൊതുവിതരണത്തിന് ഭക്ഷ്യവസ്തുക്കള്‍ അനുവദിക്കണം
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജനസംഖ്യ 2030ൽ 150 കോടിയായും 2040ൽ 159 കോടിയായും ഉയരും. ഇതിനനുസൃതമായ വളർച്ച കാർഷിക മേഖലയിൽ കൈവരിക്കാനായില്ലെങ്കിൽ അത് നമ്മുടെ ഭക്ഷ്യസുരക്ഷയെ തകിടം മറിക്കുകയും കൂടുതൽ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യും. ഇതിനു പുറമെ, കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പ്രതിബന്ധങ്ങളെയും തരണം ചെയ്യേണ്ടതുണ്ട്. ഈ വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടെ നേരിടുന്ന ഒരു കാർഷികനയമാണ് നമുക്കു വേണ്ടത്. കൃഷിയെ ജീവവായുവായി കരുതുന്ന ഒരു വലിയ ജനസമൂഹം ഇവിടെയുണ്ട്. യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് അവരാണ്. രാജ്യത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കുന്ന വികസിത് ഭാരത് എന്ന സ്വപ്നം സാക്ഷാത്‍ക്കരിക്കുവാൻ കർഷകരിലൂടെ മാത്രമേ കഴിയൂ എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.