Site iconSite icon Janayugom Online

അഹമ്മദാബാദ് വിമാനാപകടം; എയർ ഇന്ത്യയ്‌ക്കെതിരെ ലണ്ടനിൽ നിയമനടപടി

260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിൽ ലണ്ടൻ ഹൈക്കോടതിയിൽ നിയമനടപടി. 2025 ജൂൺ 12ന് നടന്ന അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും അവകാശികളുമായ 11 പേരാണ് എയർ ഇന്ത്യയ്‌ക്കെതിരെ വ്യക്തിഗത നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തത്. ഡിസംബർ 18നാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787–8 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനം ഒരു മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക് ഇടിച്ചുകയറി തീപിടിച്ചാണ് ദുരന്തമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. വിമാനം തകർന്നു വീണതിനെത്തുടർന്ന് ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, വിമാന നിർമ്മാതാക്കളായ ബോയിംഗിനും സ്വിച്ചുകൾ നിർമ്മിച്ച ഹണിവെല്ലിനും എതിരെ അമേരിക്കയിൽ മറ്റൊരു കേസും നിലവിലുണ്ട്. വിമാനത്തിലെ ഫ്യുവൽ സ്വിച്ചുകളിലെ തകരാറാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ചാണ് നാല് യാത്രക്കാരുടെ കുടുംബങ്ങൾ യുഎസ് കോടതിയെ സമീപിച്ചത്. സെപ്റ്റംബറിലാണ് ഈ കേസ് ഫയൽ ചെയ്തത്. പുതിയ നിയമനടപടികളെക്കുറിച്ച് എയർ ഇന്ത്യയോ ബന്ധുക്കളുടെ അഭിഭാഷകരോ നിലവിൽ പ്രതികരിച്ചിട്ടില്ല.

Exit mobile version