Site icon Janayugom Online

ബി‍ജെപി വേണ്ട; എന്‍ഡിഎ വിട്ട് അണ്ണാ ഡിഎംകെ ; തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും

തമിഴ്നാട്ടില്‍ എന്‍ഡിഎ സഖ്യം തകര്‍ന്നു. ബിജെപിയുമായി ഇനി സഖ്യമില്ലെന്ന് അണ്ണാ ഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയില്‍ നടന്ന സംസ്ഥാന- ജില്ലാതല നേതാക്കളുടെ യോഗമാണ് ബിജെപി ബാന്ധവം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക മുന്നണിയായി മത്സരിക്കുമെന്ന് എഐഡിഎംകെ അറിയിച്ചു.

യോഗത്തിൽ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയതെന്ന് ഐഎഡിഎംകെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ പി മുനുസാമി പറഞ്ഞു. ബിജെപിയുമായും എൻഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നുമുതൽ അവസാനിപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ആദ്യകാലനേതാക്കളെയും ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെയും കുറിച്ച് ബിജെപി സംസ്ഥാന നേതൃത്വം തുടർച്ചയായി അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യം അവസാനിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പടക്കം പൊട്ടിച്ചുകൊണ്ടാണ് അണികള്‍ വരവേറ്റത്.

മുൻ തമിഴ്നാട് മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ പരാമർശങ്ങൾ സഖ്യത്തിനുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. സനാതന ധർമ്മ വിവാദത്തിനിടയിലായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമർശം. 1956ൽ മധുരയിലെ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യസമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അതിനെ എതിർത്തിരുന്നുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്.

ഇതിനെതിരെ എഐഎഡിഎംകെ രംഗത്തെത്തിയെങ്കിലും ഖേദം പ്രകടിപ്പിക്കാൻ അണ്ണാമലൈ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത, പാർട്ടിയുടെ പ്രമുഖ നേതാവ് സി ഷൺമുഖം എന്നിവര്‍ക്കെതിരെയും ബിജെപി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. ഇതോടെ സഖ്യം തുടരണമെങ്കിൽ അണ്ണാമലൈയെ മാറ്റണമെന്ന ആവശ്യം എഐഎഡിഎംകെ നേതൃത്വം മുന്നോട്ടുവച്ചു. എന്നാൽ ബിജെപി ദേശീയ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് സഖ്യം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. അണ്ണാ ഡിഎംകെ സഖ്യം വേണ്ടെന്ന് അണ്ണാമലെയും തുറന്നടിച്ചിരുന്നു.

ദേശീയതലത്തിലും ബിജെപിയുമായി സഹകരിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ എഐഎഡിഎംകെ നടപടി ബിജെപി നേതൃത്വത്തിന് കടുത്ത തിരിച്ചടിയാണ്. അണ്ണാ ഡിഎംകെ സഖ്യത്തിന് 20 സീറ്റ് നേടാനാകുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. പുതിയ മുന്നണിയുണ്ടാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഏതൊക്കെ കക്ഷികളെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുമെന്ന് എഐഎഡിഎംകെ നേതൃത്വം അറിയിച്ചു.

Eng­lish Sum­ma­ry: aiadmk snaps ties with bjp led nda alliance ahead
You may also like this video

Exit mobile version