Site iconSite icon Janayugom Online

വ്യോമസേന ഉദ്യോ​ഗസ്ഥൻ വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിൽ വ്യോമസേന ഉദ്യോ​ഗസ്ഥൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. അതിസുരക്ഷാ മേഖലയായ പ്രയാഗ്‌രാജിലെ കന്റോൺമെന്റ് ഏരിയയിലാണ് സംഭവം. വ്യോമസേന സിവിൽ എൻജിനീയർ എസ് എൻ മിശ്ര (51) ആണ് കൊല്ലപ്പെട്ടത്. എയർഫോഴ്‌സ് സ്റ്റേഷനുള്ളിലെ എൻജിനീയേഴ്‌സ് കോളനിയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന എൻജിനീയർക്ക് നേരെ അജ്ഞാതനായ ഒരാൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പുരമുഫ്തി സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്എച്ച്ഒ) മനോജ് സിങ് പറഞ്ഞു. നെഞ്ചിൽ വെടിയേറ്റ മിശ്രയെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

പൊലീസും നിരീക്ഷണ സംഘങ്ങളും സ്ഥലം പരിശോധിച്ചതായും വിവരങ്ങൾ ശേഖരിക്കുന്നതായും ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സിറ്റി) അഭിഷേക് ഭാരതി അറിയിച്ചു. അജ്ഞാതൻ വ്യോമസേനാ സ്റ്റേഷന്റെ അതിർത്തി കടന്ന് അകത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റർ ചെയ്ത് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Exit mobile version