Site icon Janayugom Online

എയര്‍ ഇന്ത്യ വിറ്റു; 18,000 കോടി രൂപയ്ക്ക് ടാറ്റാ സണ്‍സിന് ലേലമുറപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കി. ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി 68 വര്‍ഷം മുമ്പ് ടാറ്റയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത എയര്‍ ഇന്ത്യയെ ടാറ്റ വീണ്ടും ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. നൂറിലധികം വിമാനങ്ങളും പരിശീലനം നേടിയ പൈലറ്റുമാരുടെയും ക്രൂവിന്റെയും വന്‍ നിരയും ഇനി ടാറ്റയ്ക്കു അവകാശപ്പൈട്ടതാകും. 

18,000 കോടി രൂപ മുടക്കിയാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം നഷ്ടത്തിലായ എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ 2018 മുതല്‍ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു അന്ന് തീരുമാനം. പിന്നീട് നൂറു ശതമാനം ഓഹരികളും വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

സര്‍ക്കാര്‍ എയര്‍ ഇന്ത്യാ വില്പനയ്ക്ക് നിശ്ചയിച്ച ഏറ്റവും കുറഞ്ഞ തുക 12,906 കോടി രൂപയായിരുന്നു. ടാറ്റാ സണ്‍സ് സമര്‍പ്പിച്ച ഉയര്‍ന്ന തുകയായ 18000 കോടി രൂപയ്ക്ക് വില്പന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2021 അവസാനത്തോടെ വില്പന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് അസറ്റ് മാനേജമെന്റ് വകുപ്പ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ വസ്തുവകകളും കെട്ടിടങ്ങളും വില്പനയില്‍ ഉള്‍പ്പെടുന്നില്ല. ഇവ എയര്‍ ഇന്ത്യയുടെ 46,263 കോടി രൂപയുടെ കടംവീട്ടാന്‍ സര്‍ക്കാര്‍ രൂപീകരിച്ച എസ്‌പിവിയായ എയര്‍ ഇന്ത്യാ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡിന്റെ കീഴിലാക്കും. 

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ 4,400 (ആഭ്യന്തര സര്‍വീസ്), 1800 (അന്താരാഷ്ട്ര സര്‍വീസ്) ലാൻഡിങ്ങിനും വിമാനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുമുള്ള സ്‌ളോട്ടുകള്‍ എയര്‍ ഇന്ത്യ വാങ്ങിയതിലൂടെ ടാറ്റയ്ക്ക് ലഭിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ 900 സ്‌ളോട്ടുകളാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതുകൂടി ലഭിക്കുന്നതോടെ നിലവില്‍ ടാറ്റയുടെ വിമാന കമ്പനിയായ വിസ്താര സിംഗപ്പൂര്‍ എയര്‍ ലൈന്‍സുമായും മലേഷ്യയിലെ എയര്‍ ഏഷ്യയുമായും ചേര്‍ന്ന് നടത്തുന്ന സര്‍വീസുകള്‍ക്കും കൂടുതല്‍ കരുത്തു ലഭിക്കും. 

Eng­lish Sum­ma­ry :air india sold to tata sons in auction

You may also like this video :

Exit mobile version