Site icon Janayugom Online

എഐഎസ്എഫ് സമ്മേളനം; സമര സ്മരണകളുയർത്തി പ്രചാരണം ആവേശമാകുന്നു

24 വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രക്തസാക്ഷികളുടെയും മൺമറഞ്ഞ നേതാക്കളുടെയും സമര സ്മരണകളുയർത്തി നടക്കുന്ന പ്രചാരണം ഗ്രാമ നഗര ഭേദമന്യേ ആവേശമാകുകയാണ്.

പുന്നപ്ര രക്തസാക്ഷികളും കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവുമായ പി കൃഷ്ണപിള്ള ഉൾപ്പടെയുള്ള നേതാക്കൾ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപം, നാടിന്റെ പോരാട്ട ചരിത്രത്തിന് ചുവന്ന നിറം നൽകിയ വയലാർ രക്തസാക്ഷി മണ്ഡപം തുടങ്ങിയവയുടെ ചരിത്രം വിളംബരം ചെയ്യുന്ന പ്രചാരണ ബോർഡുകളും ചുവരുകളും ഒരുങ്ങി കഴിഞ്ഞു.

ധീര രക്തസാക്ഷികളായ സി കെ സതീഷ്കുമാർ, ജയപ്രകാശ്, പൂർവ്വകാല നേതാക്കളായ പികെവി, സി കെ ചന്ദ്രപ്പൻ, ടി വി തോമസ്, സോണി ബി തെങ്ങമം തുടങ്ങിയവരുടെ ചിത്രങ്ങളും പ്രചാരണ ബോർഡുകളിൽ ഇടംപിടിച്ചിട്ടുണ്ട്. സമ്മേളനത്തിന്റെ പ്രചാരണാർത്ഥം നാളെ ആലപ്പുഴ നഗരത്തിൽ വിളംബരജാഥയും നടക്കും. ഇന്ത്യൻ സ്വാത്രന്ത്ര്യ സമര പോരാട്ടത്തിന്റെ മഹനീയ ചരിത്രം പേറുന്ന എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനം അവിസ്മരണീയ അനുഭവമാക്കുവാൻ ആലപ്പുഴയിലെ ചുവന്ന ഭൂമി ഒരുങ്ങി കഴിഞ്ഞു.

18ന് സി കെ സതീഷ് കുമാർ നഗറിൽ (ടി വി തോമസ് സ്മാരക ടൗൺ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സാംസ്കാരിക സദസ്സ് സിപിഐ ദേശിയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും 19 ന് നടക്കുന്ന വിദ്യാഭ്യാസ സെമിനാർ മന്ത്രി വി ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും.

Eng­lish summary;AISF Conference

YOu may also like this video;

Exit mobile version