വിദ്യാഭ്യാസ മേഖലയിലെ സമഗ്ര മാറ്റങ്ങൾക്ക് ഉതകുന്ന നിർദേശങ്ങളും ചർച്ചകളും പൂർത്തിയാക്കി എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങി. സമാപനദിവസമായ ഇന്നലെ ‘ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, പി സി വിഷ്ണുനാഥ് എംഎൽഎ, മുൻമന്ത്രി കെ പി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വാനം ചെയ്ത സെമിനാർ വാണിജ്യവൽക്കരണത്തിനെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണെന്നും നിരീക്ഷിച്ചു. വിദ്യാഭ്യാസ മേഖലയിലെ മൂലധന ശക്തികളെ സഹായിക്കാനായുള്ള നയം രാജ്യത്ത് ഒട്ടേറെ പ്രതിസന്ധികൾക്ക് വഴിയൊരുക്കുമെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്വാഗതവും വിപിൻദാസ് നന്ദിയും പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മോഡറേറ്ററായി. പ്രതിനിധി സമ്മേളനത്തെ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, റവന്യുമന്ത്രി കെ രാജൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
രാഹുൽരാജ് പ്രസിഡന്റ് കബീർ സെക്രട്ടറി
ആലപ്പുഴ: എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റായി ആർ എസ് രാഹുൽരാജിനേയും സെക്രട്ടറിയായി പി കബീറിനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. നന്ദു ജോസഫ്, എ ഷിനാഫ്, കണ്ണൻ എസ് ലാൽ, ടി ടി മീനൂട്ടി, നാദിറ മെഹ്റിൻ (വൈസ് പ്രസിഡന്റുമാർ), ആധിൻ എ, സി കെ ബിജിത്ത് ലാൽ, ബിപിൻ എബ്രഹാം, ശ്രേയ രതീഷ്, അസ്‌ലം ഷാ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ദേശീയ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് എഐഎസ്എഫ്
ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വരൂപിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കാത്തത് വിദ്യാര്‍ത്ഥികളില്‍ തെറ്റായ ചിന്താഗതികള്‍ ഉണ്ടാക്കുന്നുണ്ട്. സമൂഹത്തിലെ ആശങ്കാജനകമായ ഇത്തരം വിഷയങ്ങളെ അവഗണിക്കാന്‍ സാധിക്കില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
English Summary: AISF State Conference concludes: Rahul Raj President Kabir Secretary
You may like this video also