സംസ്ഥാന സർക്കാർ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 17 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. എറണാകുളം- തിരുവനന്തപുരം തെക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും വൈസ് ക്യാപ്റ്റൻ സി പി മുരളിയും ഡയറക്ടർ അഡ്വ. ആർ സജിലാലുമാണ്.
ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺഹാൾ അങ്കണത്തിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ വർക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം ജാഥ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപന സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.
കാസർകോട് — തൃശൂർ വടക്കൻ മേഖലാ ജാഥയുടെ ക്യാപ്റ്റൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും വൈസ് ക്യാപ്റ്റൻ കെ കെ അഷ്റഫും ഡയറക്ടർ കെ ജി ശിവാനന്ദനുമാണ്. വൈകിട്ട് അഞ്ചിന് കാസർകോട് വച്ച് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്യും. 17 ന് തൃശൂരിലെ ഇരിങ്ങാലക്കുടയിൽ സമാപിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.