Site iconSite icon Janayugom Online

അജിത് പവാറിന്റെ ആയിരംകോടിയുടെ സ്വത്തുക്കള്‍ തിരികെ നല്‍കി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അജിത് പവാറിനെതിരെയുള്ള ബിനാമി സ്വത്ത് സമ്പാദന കേസ് ഒഴിവാക്കി ആദായ നികുതി വകുപ്പ്. അദ്ദേഹവും കുടുംബവും അനധികൃതമായി സമ്പാദിച്ചെന്ന് ആരോപിച്ച് കണ്ടുകെട്ടിയ 1000 കോടി രൂപയുടെ സ്വത്തുക്കളും മടക്കി നൽകി.
ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവനുസരിച്ചാണ് നടപടിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. തെളിവുകളില്ലെന്ന് കാണിച്ചാണ് ട്രിബ്യൂണൽ അജിത് പവാറിനെതിരെയുള്ള കേസുകൾ ഒഴിവാക്കിയത്. നിയമ വിധേയമായിട്ടായിരുന്നു കുടുംബാംഗങ്ങളുടെ പേരിലുള്ള സ്വത്തുക്കൾ വാങ്ങിയതെന്നും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു. സത്താറയിലെ പഞ്ചസാര ഫാക്ടറി, ഡൽഹിയിലെ ഫ്ലാറ്റ്, ഗോവയിലെ റിസോർട്ട് തുടങ്ങിയവയായിരുന്നു കണ്ടുകെട്ടിയ സ്വത്തുക്കൾ.

അജിത് പവാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുമ്പോഴും സ്വത്തുക്കൾ കണ്ടുകെട്ടുമ്പോഴും അദ്ദേഹം ശരത് പവാറിന്റെ ഒപ്പമുള്ള എൻസിപിയിലായിരുന്നു. മഹാവികാസ് അഘാഡി മുന്നണിയുടെ ഭാഗമായിരുന്ന അദ്ദേഹം പാർട്ടി പിളർത്തി ബിജെപി സഖ്യത്തിൽ ചേരുകയായിരുന്നു. ഉപമുഖ്യമന്ത്രി പദവി നൽകിയാണ് മഹായുതി മുന്നണി അദ്ദേഹത്തെ സ്വീകരിച്ചത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തിയപ്പോഴും മുന്നണി അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദം വീണ്ടും നൽകിയിരുന്നു.
ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രിയായി അദ്ദേഹം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് അജിത് പവാറിന്റെ സ്വത്തുക്കൾ തിരിച്ചു നൽകിയിരിക്കുന്നത്. 

Exit mobile version