ആലപ്പുഴയില്‍ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച സര്‍വകക്ഷിയോഗം ചേരുന്നതിനുള്ള സമയം മാറ്റി. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് സംസ്കരിക്കുക. ഇതിനുശേഷമായിരിക്കും യോഗം ചേരുകയെന്നാണ് അറിയിപ്പുകള്. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് സർവകക്ഷിയോഗം നടക്കുന്നത്. മന്ത്രി പി പ്രസാദും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിലെ ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചു. കൂടിയാലോചന ഇല്ലാതെയാണ് കളക്ടർ യോഗം വിളിച്ചതെന്ന് ബിജെപി ആരോപിച്ചു. എന്നാൽ എല്ലാവരുമായി കൂടിയാലോചന നടത്തിയെന്ന് ജില്ലാ കളക്ടർ പ്രതികരിച്ചു. ഇന്നലെ തന്നെ നേതാക്കളുമായി ആലോചിച്ചിരുന്നുവെന്നും ആലോചനയ്ക്ക് ശേഷമാണ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെയാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും.
English Summary: Alappuzha murder: BJP will not attend, all-party meeting postponed
You may like this video also