കൊടുങ്ങല്ലൂർ‑ഇരിഞ്ഞാലക്കുട‑തൃശൂർ റൂട്ടിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിര്‍ത്തിവെക്കുമെന്ന് ബസുടമസ്ഥ- തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. തൃശൂർ‑കൊടുങ്ങല്ലൂർ റൂട്ടിൽ റോഡ് കോൺക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകൾ അടച്ചുകെട്ടിയതു മൂലം സർവീസ് നടത്തുവാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
നിലവില്‍ റോഡ് പണി നടക്കുന്ന ഊരകം, ഇരിഞ്ഞാലക്കുട എന്നീ രണ്ടു സ്ഥലങ്ങളിൽ ബസുകൾ അധികദൂരം ചുറ്റിത്തിരിഞ്ഞാണ് സർവീസ് നടത്തിവരുന്നത്. ഇതിനിടെ ബുധനാഴ്ച മുതൽ വെള്ളാങ്ങല്ലൂർ പ്രദേശത്തും റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.ഈ സാഹചര്യത്തിൽ നിയമാനുസ്കൃത സമയം പ്രകാരം സർവീസ് നടത്തുവാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇന്ന് മുതൽ സർവീസ് നിർത്തിവയ്ക്കുവാൻ ബസ്സുടമ സംഘടന പ്രതിനിധിയോഗം തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ട്രേഡ് യൂണിയൻ സംഘടനകളും ഇക്കാര്യത്തിൽ യോജിപ്പ് പ്രകടിപ്പിച്ചു. എം എസ് പ്രേംകുമാർ ( ടിഡിപിബിഒഎ), വി എസ് പ്രദീപ് (കെബിഒഒ), കെ വി ഹരിദാസ്, കെ പി സണ്ണി (സിഐടിയു), കെ കെ ഹരിദാസ് (എഐടിയുസി), എ സി കൃഷ്ണൻ, കെ ഹരീഷ് ( ബിഎംഎസ്), എ ആര്‍ ബാബു (ഐഎന്‍ടിയുസി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.