സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചും ഭര്‍ത്താവും, നിരവധി കേസുകളില്‍ സെബി അന്വേഷണം നടത്തുന്ന വൊക്കാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വാടക ഇനത്തില്‍ കൈപ്പറ്റിയെന്ന് ആരോപണം. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിച്ചത്.
മാധബിയുടെയും ഭര്‍ത്താവിന്റെയും പേരിലുള്ള സ്ഥാപനം വൊക്കാര്‍ഡ് ലിമിറ്റഡുമായി ബന്ധമുള്ള കരോള്‍ ഇന്‍ഫോ സര്‍വീസസ് ലിമിറ്റഡിന് വാടകയ്ക്ക് നല്‍കിയാണ് ഭീമമായ തുക കൈപ്പറ്റിയതെന്നും പറയുന്നു. 2018 മുതല്‍ 24 വരെ സെബിയുടെ മുഴുവന്‍ സമയ അംഗവും പിന്നീട് അധ്യക്ഷയും ആയപ്പോഴാണ് ഇത്തരത്തില്‍ പണം വാങ്ങിയത്. 2018–19 കാലത്ത് വാടക ഏഴ് ലക്ഷമായിരുന്നു. 2019–20ല്‍ അത് 36 ലക്ഷമായി വര്‍ധിപ്പിച്ചു. 2023–24ല്‍ 46,05,000 രൂപയാണ് വാടകയായി വാങ്ങിയത്.
ഓഹരി വില്പനയിലെ തിരിമറി സംബന്ധിച്ച് വൊക്കാര്‍ഡ് ലിമിറ്റഡിനെതിരെ സെബി അന്വേഷണം നടത്തിയിരുന്നു. സെബിയില്‍ ജോലി ചെയ്യുമ്പോള്‍ ഐസിഐസി ബാങ്കില്‍ നിന്ന് മാധബി ശമ്പളം കൈപ്പറ്റിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബാങ്കിനെതിരെയും സെബി അന്വേഷണം നടത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.