Site iconSite icon Janayugom Online

മനുഷ്യക്കടത്ത് ആരോപണം; ആദിവാസി യുവതികൾ നല്‍കിയ പരാതിയില്‍ നടപടി വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ

ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെയും ആദിവാസി യുവതികളെയും ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവയ്ക്കുകയും കള്ളക്കേസ് ചുമത്തി ജയിലിലടക്കുകയും ചെയ്ത സംഭവത്തിൽ നല്‍കിയ പരാതിയില്‍ വനിതാ കമ്മിഷന്‍ നടപടി വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് സിപിഐ. സംഭവവുമായി ബന്ധപ്പെട്ട് തടഞ്ഞുവയ്ക്കപ്പെട്ട ആദിവാസി യുവതികള്‍ വനിത കമ്മിഷന് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം ഹിയറിങ് നടത്തിയെങ്കിലും ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ്മ ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സിപിഐ നേതാക്കളോടൊപ്പമാണ് ആദിവാസി യുവതികൾ പരാതിയില്‍ തെളിവ് നല്‍കാന്‍ കമ്മിഷന് മുന്നില്‍ എത്തിയത്. യുവതികളുടെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ യുവതികളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ബജ്റംഗ്ദൾ നേതാവായ ജ്യോതി ശർമ്മ കമ്മിഷനിൽ ഹാജരാകാൻ എത്തിയെങ്കിലും പിന്നീട് പുറത്തേക്ക് പോവുകയായിരുന്നു.

 

യുവതികൾ മനുഷ്യക്കടത്തിന്റെയും മതപരിവർത്തനത്തിന്റെയും ഇരകളാണെന്ന് ആരോപിച്ചാണ് കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ ഇക്കാര്യത്തിൽ തെളിവൊന്നും ലഭിച്ചില്ല, പിന്നീടവരെ കോടതിയിൽ നിന്നും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. തങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തൊഴിൽ അന്വേഷിച്ച് മറ്റൊരു സംസ്ഥാനത്തേക്ക് പോകുകയായിരുന്നുവെന്ന് യുവതികൾ കമ്മിഷന് മുന്നിലും വ്യക്തമാക്കി. കന്യാസ്ത്രീകൾ ജോലി ലഭിക്കുന്നതിന് സഹായിക്കുകയായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് തങ്ങളെ അന്യായമായി വളഞ്ഞു വയ്ക്കുകയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും അവർ വ്യക്തമാക്കി.

ഈ സംഭവത്തിൽ തങ്ങൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടും, അവമതിയും ഉണ്ടായെന്നും ആദിവാസി യുവതികൾ വ്യക്തമാക്കി.
സിപിഐ സംസ്ഥാന‑ജില്ലാ നേതാക്കളോടൊപ്പമാണ് ആദിവാസി യുവതികൾ കമ്മിഷന് മുന്നിൽ തെളിവ് നൽകാൻ എത്തിയത്. ഹിന്ദുത്വ സംഘടനാ നേതാക്കളായ ജ്യോതി ശർമ്മ, രത്തൻ യാദവ്, രവി നിഗം ഉൾപ്പെടെയുള്ളവർക്ക് ഹാജരാകാൻ നിര്‍ദേശം നൽകിയിരുന്നു. രാവിലെ 11 മണിയോടെയാണ് ജ്യോതി ശർമ്മ കമ്മിഷനിൽ എത്തിയത്. എന്നാൽ വാദം തുടങ്ങുന്നതിന് മുൻപ് തന്നെ അവർ പുറത്ത് പോയി. ഔപചാരിക വാദം ആരംഭിക്കുമ്പോൾ ജ്യോതി ശർമ്മ ഹാജരായിരുന്നില്ല.

ജ്യോതി ശർമ്മയുടെ ഈ നിലപാടിനോട് കമ്മിഷൻ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അടുത്ത സിറ്റിങ്ങിൽ അവർ ഉൾപ്പെടെ എല്ലാ കക്ഷികളും നിർബന്ധമായും ഹാജരാകണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. ഇത്തരത്തിലുള്ള ഗുരുതരമായ വിഷയത്തിൽ ആർക്കും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും എല്ലാ വസ്തുതകളും ഹാജരാക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. അതേസമയം, വനിത കമ്മിഷനിലുള്ള ബിജെപി അംഗങ്ങൾ പക്ഷപാതപരമായാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.

സെപ്റ്റംബർ രണ്ടിന് ജ്യോതി ശർമ്മയുൾപ്പെടെ എല്ലാവരും ഹാജരാകാനാണ് കമ്മിഷൻ ഉത്തരവിട്ടിരിക്കുന്നത്. അന്ന് ഉചിതമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്ന് സിപിഐ വ്യക്തമാക്കി. അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭസമരങ്ങളാണ് സിപിഐ ആലോചിക്കുന്നത്.

 

Exit mobile version