Site iconSite icon Janayugom Online

കെ സുരേന്ദ്രന്റെ മകന്റെ വഴിവിട്ട നിയമനം : ബിജെപിയില്‍ യുദ്ധമുഖം തുറന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായി. സംസ്ഥാന പ്രസിഡന്റായതു മുതൽ ഏകാധിപത്യ സ്വഭാവത്തോടെ തങ്ങളെ അടിച്ചൊതുക്കുന്ന കെ സുരേന്ദ്രനെതിരെയുള്ള ആയുധമായി നിയമന വിവാദം ഉപയോഗപ്പെടുത്താനാണ് എതിർവിഭാഗത്തിന്റെ നീക്കം. നിയമനവുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതിന് പിന്നിൽ പാർട്ടിക്കുള്ളിലെ പടലപ്പിണക്കമാണെന്ന് സുരേന്ദ്രൻ അനുകൂലികൾ തുറന്നു സമ്മതിക്കുന്നു. അമിത് ഷാ കേരളത്തിലെത്തിയ ദിവസം തന്നെ ഇത്തരമൊരു വാർത്ത പുറത്ത് വന്നതിന് പിന്നിൽ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന് വ്യക്തമാക്കുകയാണ് സുരേന്ദ്രൻ വിഭാഗം. നേരത്തെ തന്നെ സന്ദീപ് വാര്യർ ഇതിനായി നീക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസറായാണ് സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണനെ വിദ്യാഭ്യാസയോഗ്യതയിൽ മാറ്റം വരുത്തി അനധികൃതമായി നിയമിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം മാധ്യമങ്ങൾക്ക് നൽകിയത് സന്ദീപ് വാര്യരാണെന്ന് സുരേന്ദ്രൻ വിഭാഗം സംശയിക്കുന്നു. ആര്‍ജിസിബിയില്‍ താല്കാലികമായി ജോലി ചെയ്യുന്ന വ്യക്തി വഴിയാണ് സന്ദീപ് വാര്യർ നീക്കം നടത്തിയതെന്നും ഇവര്‍ പറയുന്നു. തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ സുരേന്ദ്രനോട് ഇടഞ്ഞു നിൽക്കുന്ന സന്ദീപ് വാര്യരെ പൂട്ടാനുള്ള നീക്കങ്ങൾക്ക് ഔദ്യോഗിക വിഭാഗം തുടക്കമിട്ടു. നാല് ജില്ലാ പ്രസിഡന്റുമാർ ഇതിനകം വാര്യർക്കെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ഗൾഫിലെ അനധികൃത പണപ്പിരിവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണിത്. നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വാര്യർക്കെതിരെ ശക്തമായ നടപടി ഉടൻ തന്നെ ഉണ്ടായേക്കും. നിയമന വിവാദം സുരേന്ദ്രനെതിരെയുള്ള ശക്തമായ ആയുധമാക്കാനാണ് എതിർവിഭാഗത്തിന്റെ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയും കുഴൽപ്പണ കേസും ഉൾപ്പെടെ ഉപയോഗപ്പെടുത്തിയെങ്കിലും സുരേന്ദ്രനെ കീഴടക്കാൻ സാധിച്ചിരുന്നില്ല. കെ സുരേന്ദ്രനെ നീക്കണമെന്ന ഇവരുടെ കാലങ്ങളായുള്ള ആവശ്യം ചെവിക്കൊള്ളാതെ പാർട്ടി സംസ്ഥാന ഘടകത്തിലെ പുനഃസംഘടനയിൽ സുരേന്ദ്രന് താല്പര്യമുള്ളവരെ മാത്രം പുതുതായി ഭാരവാഹികളാക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് തോൽവി പഠിച്ച ബിജെപി സമിതി റിപ്പോർട്ടിലും കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമുണ്ടായെങ്കിലും അതും കേന്ദ്ര നേതൃത്വം തള്ളിക്കളയുകയായിരുന്നു. ഏകാധിപത്യ വാഴ്ചക്കെതിരെ പ്രതിഷേധമുണ്ടെങ്കിലും കലാപനീക്കങ്ങളെല്ലാം പരാജയപ്പെട്ട സാഹചര്യത്തിൽ മൗനം പാലിക്കുകയായിരുന്നു എതിർവിഭാഗം. ഈ സാഹചര്യത്തിൽ ലഭിച്ച സുവർണാവസരമായാണ് നിയമന വിവാദത്തെ ഇവർ കാണുന്നത്. വിഷയം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്താനാണ് ഇവരുടെ തീരുമാനം.

Eng­lish Sum­ma­ry: alli­ga­tions against k suren­drans son
You may also like this video

Exit mobile version