Site iconSite icon Janayugom Online

അല്ലു അർജുനെ പൊലീസ് മൂന്നരമണിക്കൂര്‍ ചോദ്യം ചെയ്തു

പുഷ്പ 2 സിനിമാ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെ പൊലീസ് ചോദ്യം ചെയ്തു. ഹൈദരാബാദ് ചിക്കഡ്പള്ളി പൊലീസ് സ്റ്റേഷനില്‍ ഡിസിപിയും എസിപിയും അടങ്ങുന്ന നാലംഗ സംഘമാണ് നടനെ മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. പൊലീസിന്റെ മിക്ക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാതെ നടന്‍ മൗനം പാലിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുഷ്പ 2 പ്രീമിയറിന് തിയേറ്ററിലേക്ക് വരാന്‍ പൊലീസ് അനുമതി നിഷേധിച്ചത് നിങ്ങള്‍ക്കറിയാമോ? പൊലീസ് അനുമതി നിഷേധിച്ചിട്ടും റോഡ് ഷോയുമായി എന്തിന് തിയേറ്ററിലേക്ക് പോയി? പുറത്ത് തിക്കും തിരക്കും ഉണ്ടായത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ടോ? നടന്റെ സുരക്ഷാ ജീവനക്കാര്‍ ആളുകളെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നോ? എപ്പോഴാണ് യുവതിയുടെ മരണം അറിഞ്ഞത്? മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയത് പരസ്പര വിരുദ്ധ പ്രസ്താവനകളല്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിയേറ്ററിനകത്ത് നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. 10 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. ദൃശ്യങ്ങള്‍ കാണിച്ച പൊലീസ് സംഘം ഇതേപ്പറ്റിയും ചോദ്യങ്ങളുന്നയിച്ചു. അപകടമുണ്ടായതിന്റെ പിറ്റേദിവസമാണ് യുവതിയുടെ മരണവിവരം അറിയുന്നതെന്നും തിയേറ്ററില്‍ വരുന്നതിനും സിനിമ കാണുന്നതിനും പൊലീസിനെ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നുവെന്നുമാണ് അല്ലു അര്‍ജുന്റെ വാദം. എന്നാല്‍ രേഖകള്‍ സഹിതം ഹാജരാക്കി പൊലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ താരം മറുപടി പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ മാനേജര്‍ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ജനങ്ങളെ വടി ഉപയോ​ഗിച്ച് തല്ലുന്നതിന്റെയും മരിച്ച രേവതിയുടെ മൃതദേഹം എടുത്തുകൊണ്ട് പുറത്തേക്ക് പോകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

അപകടമുണ്ടായ വിവരം അല്ലു അര്‍ജുന്റെ മാനേജരെ അറിയിച്ചിരുന്നുവെന്നും സ്ഥലത്ത് നിന്ന് മടങ്ങിപ്പോകാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അല്ലു അര്‍ജുന്‍ തയ്യാറായില്ല. ഒടുവില്‍ ഡിജിപി ഇടപെട്ടതോടെയാണ് താരം മടങ്ങിയതെന്നും തെലങ്കാന പൊലീസ് ആരോപിച്ചിരുന്നു. 

Exit mobile version