Site iconSite icon Janayugom Online

ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതി; വിജ്ഞാപനം ഉടന്‍, 3,000 ചതുരശ്ര അടി വരെ കോമ്പൗണ്ടിങ് ഫീസ് ഒഴിവാക്കി

കൃഷിക്കും വീട് നിർമ്മാണത്തിനുമായി പതിച്ചു നൽകിയ ഭൂമിയിൽ വക മാറ്റിയുള്ള വിനിയോഗം ക്രമവല്‍ക്കരിക്കുന്നതിന് 3,000 ചതുരശ്ര അടി വരെ കോമ്പൗണ്ടിങ് ഫീസ് സര്‍ക്കാര്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതിക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകാരം നൽകി. ചട്ടഭേദഗതി വിജ്ഞാപനം ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും. പിന്നാലെ ഉത്തരവും ഇറങ്ങും. കെട്ടിടം പണിയാതെ വ്യാവസായിക, വാണിജ്യാവശ്യങ്ങൾ, കെട്ടിടങ്ങൾ നിർമ്മിച്ചോ അല്ലാതെയോ വിനോദസഞ്ചാര ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഭൂമിക്ക്, ന്യായവിലയുടെ 10% ഫീസ് 5% ആയി കുറച്ചു. ടൂറിസം സാധ്യതകൾ പരിഗണിച്ചാണിത്. സബ്ജക്ട് കമ്മിറ്റിയുടെ രണ്ടു നിർദേശങ്ങളും സർക്കാർ അംഗീകരിക്കുകയായിരുന്നെന്ന് റവന്യുമന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂൺ ഏഴ് വരെ വകമാറ്റിയ വിനിയോഗങ്ങള്‍ക്കാണ് ഇത് ബാധകം. 

ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ 3,000 ചതുരശ്ര അടി വരെയുള്ള സർക്കാർ കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, ജീവനോപാധിക്കുള്ള വാണിജ്യ കെട്ടിടങ്ങൾ എന്നിവ കോമ്പൗണ്ടിങ് ഫീസ് ഇല്ലാതെ ക്രമീകരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം തീരുമാനമെടുക്കണം. അല്ലെങ്കിൽ ഡീംഡ് പെർമിഷനായി കണക്കാക്കി ക്രമവല്‍ക്കരിക്കും. ഇതിന് ഓൺലൈൻ സംവിധാനത്തിലൂടെ സർട്ടിഫിക്കറ്റും നൽകും. കൃഷിക്കും കൃഷി അനുബന്ധ ആവശ്യത്തിനും വിദ്യാഭ്യാസ, മതപര, സാംസ്കാരിക, വിനോദ ആവശ്യങ്ങൾക്കും സാമുദായിക സംഘടനകളുടേയും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെയും ആവശ്യത്തിനും ആശുപത്രികൾ, സർക്കാർ അംഗീകാരത്തോട് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകളുടെയും ഭൂമി നിർമ്മാണങ്ങൾ മുതലായവയുടെ ആവശ്യങ്ങൾക്കും ഉപയോഗിച്ചതായിട്ടുള്ള കെട്ടിടങ്ങൾ എന്നിവയ്ക്കും കോമ്പൗണ്ടിങ് ഫീസ് ഈടാക്കില്ല. അതേസമയം, ക്വാറികള്‍ക്കൊഴികെ 3,000 ചതുരശ്ര അടിക്ക് മുകളിലേക്ക് എത്ര വിസ്തീര്‍ണമുള്ള കെട്ടിടങ്ങളായാലും 10 ശതമാനമായിരിക്കും ഫീസ്. ക്രമവല്‍ക്കരണം വേഗത്തിലാക്കുന്നതിന് പുതിയ ഓഫിസുകൾ തുറക്കും. നിലവിലെ ജീവനക്കാരെ പുന‍ർവിന്യസിച്ച് നടപടികൾ ഏകോപിപ്പിക്കും. 

പട്ടയം അനുവദിച്ച ചട്ടപ്രകാരം വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ അവ ക്രമവല്‍ക്കരിക്കേണ്ടതില്ല. റബർ കൃഷിക്കും മറ്റും മാത്രമായി അനുവദിക്കപ്പെട്ട ഭൂമിയിൽ വരുന്ന നിർമ്മാണങ്ങൾ ചട്ടപ്രകാരം ക്രമവൽക്കരിക്കണം. നിലവിലെ പട്ടയങ്ങളുടെ പൊതുസ്ഥിതി പരിശോധിച്ചാൽ 95% വീടുകൾക്കും ക്രമവല്‍ക്കരണത്തിന് അപേക്ഷിക്കേണ്ടതില്ല. പട്ടയ രേഖകൾ ഇല്ലാത്തവർക്ക് ക്രമവല്‍ക്കരണത്തിന് അപേക്ഷിക്കാൻ കഴിയില്ലെന്ന തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നിജസ്ഥിതി സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇതിന് പരിഹാരം കാണാൻ ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

Exit mobile version