Site icon Janayugom Online

അമിത്ഷാ മരണനാട്ടില്‍; 24 മണിക്കൂറിനിടെ മണിപ്പൂരില്‍ മരിച്ചത് 10പേര്‍

കലാപം കത്തിയാളുന്ന മണിപ്പൂരില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് സംഘര്‍ഷ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന മെയ്ത്തി, കുകി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരമാണ് ആഭ്യന്തര മന്ത്രിയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക വിവരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും സെക്രട്ടറി അജയ് കുമാർ ഭല്ലയും ഇന്നലെ വൈകീട്ടാണ് ഇംഫാലിലെത്തിയത്. ജൂൺ ഒന്നുവരെ അമിത്ഷാ സംസ്ഥാനത്ത് തുടരും.

ആഭ്യന്തരമന്ത്രി മണിപ്പൂരില്‍ തങ്ങുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ സേനയും മണിപ്പൂര്‍ പൊലീസിന്റെ കമാന്‍ഡോകളും ഇരുവിഭാഗങ്ങള്‍ക്കും നേരെ ഏറ്റുമുട്ടലുകള്‍ തുടരുകയും ചെയ്യുന്നുണ്ട്. കുക്കികളും മെയ്ത്തി വിഭാഗങ്ങളും തമ്മിൽ സംഘർഷം തുടരുന്ന വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ പുതിയ സംഘർഷത്തിൽ 24 മണിക്കൂറിനുള്ളിൽ മാത്രം 10 പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. ശനിയാഴ്ചയാണ് മണിപ്പുരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെയും ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. വിവിധ സ്ഥലങ്ങളിൽ  വെടിവെപ്പിലും തുടർന്നുണ്ടായ അക്രമത്തിലും ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

നാല്പതോളം കുക്കി പ്രക്ഷോഭകാരികളെ സേന വെടിവച്ചു കൊന്നിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി എൻ ബിരേൻ സിങ്  വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വീണ്ടും രൂക്ഷമായത്.

Eng­lish Sam­mury: Amit shah vis­it in manipur- 10 peo­ple died in Manipur in 24 hours

Exit mobile version