Site iconSite icon Janayugom Online

ഓണക്കാലത്ത് സർക്കാർ നടപ്പാക്കിയത് ഫലപ്രദമായ ഇടപെടൽ; പ്രതിപക്ഷം കാണുന്നത് സമ്പന്നരുടെയും ലാഭത്തിന്റെയും കണക്ക് മാത്രമാണെന്നും മന്ത്രി ജി ആർ അനിൽ

ഓണക്കാലത്ത് സർക്കാർ നടപ്പാക്കിയത് ഫലപ്രദമായ ഇടപെടലാണെന്നും പ്രതിപക്ഷം കാണുന്നത് സമ്പന്നരുടെയും ലാഭത്തിന്റെയും കണക്ക് മാത്രമാണെന്നും ഭക്ഷ്യമന്ത്രി മന്ത്രി ജി ആർ അനിൽ. ഓണത്തിന് ഒരുമണി അരിപോലും തരാതെ കേന്ദ്രസർക്കാർ അവഗണിച്ചപ്പോഴും സംസ്ഥാന സർക്കാർ പൊതുവിപണിയിൽ ജനങ്ങൾക്കൊപ്പം നിന്നു. വിപണിയിൽ 50 രൂപയിലധികം വിലയുള്ള അരി വെള്ള കാർഡുകാർക്ക് 15 കിലോയാണ് നൽകിയത്. നീല കാർഡുകാർക്ക് ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ നൽകി.

ചുവന്ന കാർഡുകാർക്കും അധികമായി 5 കിലോ നൽകി. അതിന് പുറമെയാണ് സപ്ലൈകോ വഴി 20 കിലോ അരി 25 രൂപ നിരക്കിൽ കൊടുത്തത്. ഒരു കുടുംബത്തിന് 44 കിലോയോളം അരി സൗജന്യ നിരക്കിലും ന്യായവിലയ്ക്കും വാങ്ങാനുള്ള അവസരമൊരുക്കി. കഴിഞ്ഞ ഓണക്കാലത്ത് വിലക്കയറ്റമുണ്ടെന്ന് ഒരാളും പറഞ്ഞുകണ്ടില്ല. യുഡിഎഫ് കാലത്ത് തകർന്നുകിടന്ന പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിച്ചത് എൽഡിഎഫ് സർക്കാരുകളാണ്. അരി, പച്ചക്കറി, പലവ്യഞ്ജനം ഇവ ജനങ്ങൾക്ക് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. 

വിലക്കയറ്റം ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 22.36 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണയാണ് ഓണക്കാലത്ത് സപ്ലൈകോ വിറ്റത്. എഎവൈ കാർഡുകാരായ ആറ് ലക്ഷം കുടുംബങ്ങൾക്ക് അരലിറ്റർ വെളിച്ചെണ്ണ സൗജന്യമായി നൽകി. 87 ശതമാനം മലയാളി കടുബംങ്ങളാണ് റേഷൻ കടയിൽനിന്ന് അരിവാങ്ങിയത്. ഇത് ചരിത്രമാണ്. എഎഐ കാർഡുകാരിൽ 99 ശതമാനവും അരി വാങ്ങി. ഓണക്കാലത്ത് വിലക്കയറ്റമാണെന്ന് പറഞ്ഞാൽ നിങ്ങളുടെ കുടുംബങ്ങളിൽ പോയി പറഞ്ഞാൽ വീട്ടിലുള്ളവർ അം​ഗീകരിക്കുമോയെന്നും മന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. 

Exit mobile version